ബിന്യമിൻ നെതന്യാഹു
വാഷിങ്ടൺ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എസിലേക്കുള്ള യാത്രക്കിടെ റൂട്ട് മാറ്റി നെതന്യാഹു. യുറോപ്യൻ രാജ്യങ്ങളെ പരമാവധി ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യു.എസിലേക്കുള്ള യാത്ര. യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നെതന്യാഹു യു.എസിലേക്ക് എത്തുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി കരാറുള്ള നിരവധി യുറോപ്യൻ രാജ്യങ്ങൾ നെതന്യാഹു തങ്ങളുടെ അതിർത്തിയിൽ കടന്നാൽ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മുന്നിൽകണ്ട് ഐ.സി.സിയുമായി കരാർ ഒപ്പിട്ടുള്ള രാജ്യങ്ങളെ ഒഴിവാക്കിയായിരുന്നു നെതന്യാഹുവിന്റെ യാത്ര.
ഗ്രീസിനും ഇറ്റലിക്കും സമീപത്ത് കൂടി പറന്ന നെതന്യാഹുവിന്റെ വിമാനം മെഡിറ്റനേറിയൻ കടന്ന അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ജിബ്രാൾട്ടർ കടലിടുക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. യുറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കിയാണ് നെതന്യാഹു യു.എസിലേക്ക് യാത്ര നടത്തിയത്.
2024 നവംബറിലാണ് ഗസ്സ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനും വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടി, വ്യാഴാഴ്ച പുലർച്ചെയാണ് നെതന്യാഹു അമേരിക്കയിലേക്ക് പറന്നത്. അതേസമയം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് തെല്‍ അവിവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ്, യുകെ, കാനഡ, ആസ്ട്രേലിയ, ബെൽജിയം എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഇതോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചവരുടെ എണ്ണം 159 ആയി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.