ബിന്യമിൻ നെതന്യാഹു
വാഷിങ്ടൺ: ഹമാസ് നേതാക്കൾക്ക് നേരെ ഖത്തറിൽ നടത്തിയ ആക്രമണത്തിൽ കൂടുതൽ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സെപ്തംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് യു.എസ് നടത്തിയ തിരിച്ചടിക്ക് സമാനമാണ് ഇസ്രായേൽ നടപടിയെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം.
ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാൻ ഖത്തർ തയാറാവണം. അല്ലെങ്കിൽ അവരെ നീതിക്ക് മുന്നിൽ കൊണ്ടു വരണം. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞങ്ങളത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. സെപ്തംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് യു.എസ് എന്താണ് ചെയ്തതെന്ന് നെതന്യാഹു ചോദിച്ചു. ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങുമെന്നാണ് യു.എസ് അറിയിച്ചത്. തുടർന്ന് യു.എന്നിൽ ഇക്കാര്യത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. ഹമാസിന് അഭയം നൽകുന്നതും അവർക്ക് പണം നൽകുന്നതും ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു.
അൽ ഖ്വായിദ ഭീകരർക്കെതിരെ അഫ്ഗാനിസ്താനിൽ യു.എസ് ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. പാകിസ്താനിൽ ഉസാമ ബിൻ ലാദനെ കൊലപ്പെടുത്തിയ യു.എസ് നടപടിയെ അഭിനന്ദിച്ച ചില രാജ്യങ്ങളാണ് ഇപ്പോൾ ഇസ്രായേലിനെതിരെ വിമർശനങ്ങളുമായി രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിൽ 12 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. മുൻനിര നേതാക്കൾ രക്ഷപ്പെട്ട ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തിയിരുന്നു.
ഗസ്സ വെടിനിർത്തൽ ചർച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങൾ അവസാനിപ്പിക്കില്ലെന്നും ഖത്തർ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‍യാൻ ദോഹയിലെത്തി. ഇതിന് പുറമെ, ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എത്തും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു.
ആക്രമണത്തെ അപലപിച്ച ജർമനി എന്നാൽ ഇസ്രായേലിനുള്ള പിന്തുണയിൽ മാറ്റമില്ലെന്ന് അറിയിച്ചു. ആക്രമണത്തെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനൽ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇസ്രായേൽ തീവ്ര മന്ത്രിമാർക്ക് യൂറോപ്യൻ യൂനിയനു കീഴിലെ രാജ്യങ്ങളിൽ സമ്പൂർണ വിലക്കേർപ്പടുത്തുകയും വ്യാപാര നടപടികൾ പൂർണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിർദേശമാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.