ഗസ്സ പിടിച്ചെടുക്കാൻ ഉദ്ദേശ്യമില്ല, പക്ഷേ...; പദ്ധതി വിശദീകരിച്ച് നെതന്യാഹു

തെൽ അവീവ്: ഗസ്സ പിടിച്ചെടുക്കാൻ ഉദ്ദേശ്യമില്ലെന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ജനങ്ങളുടെ ഭരണകൂടം ഗസ്സയിൽ സ്ഥാപിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അത് ഇസ്രായേലിന് ഭീഷണിയാവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ബിന്യമിൻ നെതന്യാഹു പറഞ്ഞു.

ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന ആരോപണങ്ങളും നെതന്യാഹു തള്ളി. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ രാജ്യം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ചില ലോകനേതാക്കളുടെ ധാരണ തീർത്തും തെറ്റാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

യുദ്ധം വേണമെങ്കിൽ നാളെ അവസാനിപ്പിക്കാം. ഹമാസ് ആയുധങ്ങൾ താഴെവെച്ച് ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം അവസാനിക്കും. ഗസ്സയുടെ സൈനികശേഷി ഇല്ലാതാക്കി അതിർത്തിയിൽ ഒരു സുരക്ഷാമേഖല തീർക്കുകയും ചെയ്താൽ ഫലസ്തീനികൾക്ക് ഇസ്രായേലിനൊപ്പം സമാധാനമായി ജീവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുധങ്ങൾ താഴെവെക്കാൻ ഹമാസിന് അവസരം നൽകുകയാണ്. അതി​ന് അവർ തയാറായില്ലെങ്കിൽ പൂർണമായും ഹമാസിനെ ഇസ്രായേലിന് തകർക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ രണ്ട് ശക്തികേന്ദ്രങ്ങളായ ഗസ്സ സിറ്റിയും സെൻട്രൽ ക്യാമ്പും തകർക്കുകയെന്ന നിർദേശമാണ് ഐ.ഡി.എഫിന് നൽകിയിരിക്കുന്നത്. എന്നാൽ, സുരക്ഷിതമേഖലകളിൽ ഭക്ഷണം, വെള്ളവും, മെഡിക്കൽ സൗകര്യങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ബന്ദികളെ വിട്ടുകിട്ടാൻ ഒരിക്കലും നടക്കാത്ത ഉപാധികളാണ് ഹമാസ് മുന്നോട്ടുവെക്കുന്നത്. ഗസ്സ മുനമ്പിൽ നിന്നും ഇസ്രായേൽ പൂർണമായും പിന്മാറണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് ആയുധങ്ങളുടെ നിർബാധമായ ഒഴുക്കിന് കാരണമാകുമെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് മില്യൺ ഭക്ഷ്യധാന്യങ്ങൾ ഇസ്രായേൽ ഗസ്സയിലേക്ക് കൊണ്ടു പോകാൻ അനുവദിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങി രണ്ട് വർഷത്തിന് ശേഷവും ഗസ്സക്ക് മുന്നോട്ട് പോകാൻ കഴിയുന്നുണ്ടെങ്കിൽ അത് ഇസ്രായേൽ നയങ്ങൾ മൂലമാണെന്നും നെതന്യാഹു പറഞ്ഞു.

Tags:    
News Summary - Netanyahu says Israel not looking to occupy Gaza but to ‘free it from Hamas’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.