സൊ​ഹ്‌​റാ​ൻ മംദാനി

നെതന്യാഹു യുദ്ധക്കുറ്റവാളിതന്നെ, അറസ്റ്റ് ചെയ്യാൻ തന്റെ ഭരണകൂടത്തിന് അധികാരമില്ലെന്ന് സൊഹ്റാൻ മംദാനി

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തന്റെ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റിനെ പിന്തുണക്കുന്നതോടൊപ്പം തന്നെയാണ് മേയർ ഇക്കാര്യം അറിയിച്ചത്.

എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികൾക്കെതിരെ ക്രൂരമായ വംശഹത്യ നടത്തിയതിന്റെ ‘ശിൽപി’ എന്നാണ് സന്ദേശത്തിൽ നെതന്യാഹുവിനെ മംദാനി വിശേഷിപ്പിച്ചത്.

‘ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ ന്യൂയോർക്ക് സിറ്റിക്ക് സാധിക്കുമോ എന്ന് നിലവിലെ നിയമങ്ങളുടെ വെളിച്ചത്തിൽ തന്റെ ഭരണകൂടം സാധ്യമായ എല്ലാ വഴികളും പരിശോധിച്ച് അവലോകനം ചെയ്തിരുന്നു. എന്നാൽ, ഇത്തരമൊരു നടപടിയെടുക്കാനുള്ള അധികാരം യു.എസ് ഫെഡറൽ ഗവൺമെന്റിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് വ്യക്തമായത്’ -മംദാനി വീഡിയോയിൽ പറഞ്ഞു.

അതോടൊപ്പം, ‘ബെഞ്ചമിൻ നെതന്യാഹുവിനോ മറ്റ് യുദ്ധക്കുറ്റവാളികൾക്കോ ന്യൂയോർക്ക് സിറ്റിയിലേക്ക് സ്വാഗതമില്ലെന്ന കാര്യം തുല്യ വ്യക്തതയോടെ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന മംദാനിയുടെ മുൻ പ്രസ്താവനയോട് പ്രതികരിച്ച്, യു.എസ് സന്ദർശനത്തിനിടെ ഇസ്രായേൽ നേതാവ് അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മംദാനിയുടെ പുതിയ പ്രസ്താവന.

ഗസ്സയിലെ വംശഹത്യയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി 2024ലാണ് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. മംദാനി ശനിയാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ദി ന്യൂയോർക്ക് ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് ഈ വിവരം പങ്കുവെച്ചത്.

നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തെ വിചാരണ ചെയ്യണമെന്നും സൊഹ്റാൻ മംദാനി അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു.നേരത്തെ തന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പാക്കാൻ ശ്രമിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഈ നീക്കങ്ങളെ തള്ളിയ നെതന്യാഹു, മംദാനി ഹമാസിനെ പിന്തുണക്കുകയാണെന്ന് ആരോപിച്ചു. മംദാനി ആരെയാണ് അപലപിക്കുന്നതെന്നും ആരെയാണ് പുകഴ്ത്തുന്നതെന്നും സ്വയം പരിശോധിക്കണമെന്ന് നെതന്യാഹു ഒരു റേഡിയോ അഭിമുഖത്തിൽ പ്രതികരിച്ചു. അമേരിക്കൻ മൂല്യങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്നുനിൽക്കുന്ന ഏക ജനാധിപത്യ രാജ്യമായ ഇസ്രായേലിനെയാണ് മേയർ കുറ്റപ്പെടുത്തുന്നതെന്നും നെതന്യാഹു പറഞ്ഞു.

Tags:    
News Summary - Netanyahu Is A War Criminal But NYC Can't Arrest Him- Zohran Mamdani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.