'നാവികസേനയെ ആക്രമിച്ചാൽ ഇറാന്‍റെ എണ്ണക്കപ്പലുകൾ കടലിൽ മുക്കും': മുന്നറിയിപ്പുമായി യു.എസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: യു.എസ് നാവികസേനയെ ആക്രമിച്ചാൽ ഇറാന്‍റെ എണ്ണക്കപ്പലുകൾ കടലിൽ മുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്‍റെ മുന്നറിയിപ്പ്. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലുടനീളം ശക്തമായ സാഹചര്യത്തിലാണ് ഈ പ്രതികരണം . യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറിന്‍റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് പീറ്റ് ഹെഗ്‌സെത്ത് എക്‌സിലൂടെ  മുന്നറിയിപ്പ് നൽകിയത്.

യു.എസ് കപ്പലുകളെ ആക്രമിച്ചാൽ ഇറാൻ വലിയ സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഡ്മിറൽ കൂപ്പർ പറഞ്ഞിരുന്നു. അതേസമയം, യു.എസ് വിമാനവാഹിനിക്കപ്പലിനും ഡിസ്ട്രോയറിനും നേരെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഐ.ആ.ർജി.സി അവകാശപ്പെട്ടെങ്കിലും യു.എസിന്‍റെ ഭാഗത്തുനിന്ന് ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇറാന്‍റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപമുള്ള ഒരെണ്ണം ഉൾപ്പെടെ മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ ശനിയാഴ്ച യു.എസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. രണ്ട് യു.എസ് നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെ തുടർന്നാണ് ഈ ആക്രമണം നടത്തിയത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 

ശക്തമായ ആക്രമണ ഭീഷണിയുമായി ഇറാൻ

യു.എസ് ആക്രമണങ്ങൾക്കും ഭീഷണികൾക്കും മറുപടിയായി മേഖലയിലെ യു.എസ് സൈനിക കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടുതൽ തീവ്രമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്‍റെ എണ്ണ വ്യവസായത്തിന് മേൽ യു.എസ് സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സംഘർഷങ്ങൾ ഉണ്ടാകുന്നത്. ഖാർഗ് ദ്വീപ് "തകർത്തെറിയപ്പെടുന്നു" എന്ന രീതിയിലുള്ള എ.ഐ നിർമിത വിഡിയോ സഹിതം ആഗസ്റ്റ് 31ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഖാർഗ് ദ്വീപ് ആക്രമിക്കപ്പെട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനിയൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ (OPEC) മൂന്നാമത്തെ വലിയ ഉത്പാദകരാണ് ഇറാൻ. യുദ്ധത്തിന് മുമ്പ് അവരുടെ അസംസ്കൃത എണ്ണയുടെ 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണ് കയറ്റുമതി ചെയ്തിരുന്നത്. ഏപ്രിൽ പകുതിയോടെ ഇറാന്‍റെ എണ്ണ കയറ്റുമതിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് എണ്ണ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ എണ്ണ വിതരണത്തിൽ കൂടുതൽ തടസങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ വെള്ളിയാഴ്ച ബാരലിന് $96.28 എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിച്ചു. ജൂലൈ 24ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

Tags:    
News Summary - us warns iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.