ജെ.എൻ.യു പ്രഫസർക്കെതിരെ ലൈംഗികാതിക്രമ പരാതി; 10 വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) പ്രഫസർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 10 വിദ്യാർഥികൾ. പരാതികളിൽ സർവകലാശാലയുടെ ആഭ്യന്തര പരാതിക്കമ്മിറ്റി (ഐ.സി.സി) അന്വേഷണം നടത്തിവരികയാണ്. ഏകദേശം ഒരു മാസം മുമ്പാണ് പരാതികൾ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
ക്യാമ്പസിൽ താമസിക്കുന്ന പ്രഫസർ വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിച്ച് ഒത്തുകൂടുകയും അവരോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി പരാതികളിൽ പറയുന്നു. ക്ലാസുകൾക്കിടെ അശ്ലീലമോ അനുചിതമോ ആയ പരാമർശങ്ങൾ നടത്തിയതായും ചില വിദ്യാർഥികൾ പരാതിപ്പെട്ടു.
പ്രഫസർക്കെതിരെ സമാനമായ ആരോപണങ്ങളുമായി മുതിർന്ന വിദ്യാർഥികളും മുന്നോട്ടുവന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതികളെക്കുറിച്ച് പ്രതികരിക്കാൻ ഐ.സി.സി തയാറായില്ല. വിഷയം ആഭ്യന്തരമാണെന്നും അന്വേഷണം നടക്കുകയാണെന്നും കമ്മിറ്റി അറിയിച്ചു. ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നത് ഐ.സി.സിയാണെന്നും വൈസ് ചാൻസലർ കമ്മിറ്റിയിലെ അംഗമല്ലെന്നും ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
ഐ.സി.സിക്ക് മുമ്പാകെ ഹാജരായോ മൊഴി നൽകിയോ എന്ന ചോദ്യത്തിന്, പരാതികളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പ്രഫസർ പ്രതികരിച്ചു.
പരാതികളിൽ ഐ.സി.സി അന്വേഷണം തുടരുകയാണ്. ആരോപണങ്ങളിൽ അന്തിമ തീരുമാനമോ കണ്ടെത്തലോ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.