ഗസ്സയിൽ ഒറ്റക്കെട്ടിടത്തിൽ 55 ഉറ്റവരുടെ മൃതദേഹങ്ങൾ
ഗസ്സ സിറ്റി: കാർപറ്റ് ബോംബിങ് നടത്തി കെട്ടിടം തരിപ്പണമാക്കിയവർ അതിനകത്ത് പാതിജീവനോടെ കുരുങ്ങിക്കിടന്നവരെ ഒന്ന് തിരയാൻപോലും ഉറ്റവർക്ക് അവസരം നൽകിയിരുന്നില്ല. ഒടുവിൽ രണ്ടു വർഷം കഴിഞ്ഞ് അധിനിവേശകർ മടങ്ങിയപ്പോൾ ഒന്നും മറക്കാതെ കാത്തിരുന്നവർക്ക് ലഭിച്ചത് 55 മൃതദേഹങ്ങൾ. ചെറിയ പണിയായുധങ്ങളുമായി നിരന്തരം അവശിഷ്ടങ്ങൾ മാറ്റി അവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തുകയായിരുന്നു.
ഗസ്സ സിറ്റിയുടെ തെക്ക് സൈത്തൂൻ പ്രദേശത്തെ കെട്ടിടാവശിഷ്ടങ്ങളിലായിരുന്നു 72 മണിക്കൂറെടുത്ത യജ്ഞം. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. രണ്ട് വർഷം മുമ്പ് കനത്ത ഇസ്രായേൽ ബോംബിങ്ങിനിടെ കെട്ടിടത്തിൽ അഭയം തേടിയ മൽക കുടുംബത്തിലെ അംഗങ്ങളാണിവരെന്ന് സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു. ഇസ്രായേൽ കുരുതി രൂക്ഷമായി തുടരുന്ന ഘട്ടത്തിൽ ഇവിടേക്ക് പ്രവേശനം ലഭിക്കാതെവന്നതും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ തിരച്ചിലിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തതുമാണ് കണ്ടെത്താൻ വൈകിയത്. 2023 നവംബർ 19നായിരുന്നു കെട്ടിടം തകർത്ത കനത്ത ബോംബിങ്.
രാജ്യാന്തര ശ്രദ്ധ ഇറാൻ-യു.എസ് സംഘർഷത്തിൽ മുഴുകിനിൽക്കെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. ലബനാനിലെ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം നടത്തി.
അതിനിടെ, യമനിൽ ഹൂതികളും ഔദ്യോഗിക സേനയും തമ്മിൽ ശനിയാഴ്ചയുണ്ടായ പോരാട്ടത്തിൽ 60ലേറെ പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.