ഇറാനെ ഒതുക്കി, പശ്ചിമേഷ്യ നിയന്ത്രണത്തിലാക്കണം; വിശാല യുദ്ധാനന്തര പദ്ധതിക്ക് ട്രംപിന്‍റെ നീക്കം

വാഷിങ്ടൺ: ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ പശ്ചിമേഷ്യയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിന് ഡോണാൾഡ് ട്രംപ് വിശാല പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപ്പോർട്ട്.ഇറാനെ നിയന്ത്രിക്കുന്നതിനും ഇസ്രായേലിനെ അയൽക്കാരുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രാദേശിക മുന്നണി കെട്ടിപ്പടുക്കുന്നതാണ് പദ്ധതി. ഇതിനുള്ള കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

മുതിർന്ന ഉപദേശകരും വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി രൂപവത്കരിക്കുകയെന്നാണ് വിവരം.മേഖലയിലെ യു.എസ് സഖ്യകക്ഷികളെ ഇറാനെതിരെ കൂടുതൽ ശക്തരാക്കുക എന്നതാണ് യു.എസ് തന്ത്രം.ഇസ്രായേൽ ഗാസ വംശഹത്യാക്രമണങ്ങളെ തുടർന്ന് മേഖലയിലുണ്ടായ പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാനുള്ള വഴികളും ഭരണകൂടം അന്വേഷിക്കുന്നു. ഇസ്രായേലും സിറിയയും തമ്മിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുക, നിലവിലുള്ള ഇസ്രായേൽ-ലെബനൻ കരാർ പ്രാബല്യത്തിൽ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടാം.

അബ്രഹാം ഉടമ്പടികൾ വികസിപ്പിക്കുകയും ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ ഒരു സാധാരണവൽക്കരണ കരാർ ഉറപ്പാക്കുകയുമാണ് മൂന്നാമത്തെ ലക്ഷ്യം. സൗദി-ഇസ്രായേൽ കരാർ അമേരിക്കയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധത്തിനുശേഷം അദ്ദേഹത്തിന്റെ ഭരണകൂടത്തിന് ഈ മേഖലയിൽ ഒരു പ്രധാന നേട്ടം നൽകാൻ ഇത് സഹായിക്കും.ഒക്ടോബർ 27-ന് ഇസ്രായേൽ തെരഞ്ഞെടുപ്പിലേക്ക് കടക്കും. യു.എസിന്റെ ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ മാസത്തിലാണ്.

ഇസ്രായേൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ, തങ്ങളുടെ പുതിയ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാകുമെന്നാണ് ട്രംപിന്റെ ടീം പ്രതീക്ഷിക്കുന്നത്. അതേസമയം, ഇസ്രായേലിന്റെ രാഷ്ട്രീയാന്തരീക്ഷം ശാന്തമാകുന്നത് വരെ കാത്തിരിക്കാൻ ട്രംപ് ഭരണകൂടം തയ്യാരായേക്കില്ല. രാഷ്ട്രീയപ്രതിസന്ധി രൂപപ്പെടുന്ന തിരഞ്ഞെടുപ്പുഫലമാണ് പുറത്തെത്തുന്നതെങ്കിലും പദ്ധതി അംഗീകരിക്കാൻ ഇസ്രായേലിനുമേൽ ട്രംപ് സമ്മർദം ചെലുത്തിയേക്കുമെന്നാണ് വിവരം.ഇക്കാര്യത്തിൽ കഴിഞ്ഞ ആഴ്ച മുതിർന്ന ഉപദേശകരുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. എന്നാൽ പദ്ധതി പൂർണരൂപത്തിലെത്തിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവന്നേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - trump planning omething much bigger for middle east after iran war report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.