വൈറ്റ് ഹൗസിലെ മരങ്ങൾ കൂട്ടത്തോടെ വെട്ടി ട്രംപ്: കാരണമിത്
വാഷിങ്ടൺ: വാഷിങ്ടൺ ഡി.സിയുടെ മുഖഛായ മാറ്റാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ഫെഡറൽ ഭരണത്തിന് കീഴിലുള്ള സ്ഥലങ്ങളിലെ ഡസൻ കണക്കിന് പഴയ മരങ്ങൾ വെട്ടിമാറ്റുന്നു. വൈറ്റ് ഹൗസ് വളപ്പിലെയും ചരിത്രപ്രസിദ്ധമായ ഈസ്റ്റ് പോട്ടോമാക് ഗോൾഫ് ലിങ്ക്‌സിലെയും മരങ്ങളാണ് കൂട്ടത്തോടെ വെട്ടുന്നത്. 60 മരങ്ങൾ ഇതിനോടകം വെട്ടിയെന്നാണ് റിപ്പോർട്ട്.
ഇതിന് മുമ്പ് വൈറ്റ് ഹൗസിന് ചുറ്റുമുള്ള വലിയ മരങ്ങളും വെട്ടിമാറ്റിയിരുന്നു. 2025 മാർച്ച് മാസം ഒപ്പുവെച്ച 'മേക്കിങ് ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സേഫ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡറിന്‍റെ ഭാഗമായാണ് മരം മുറിക്കൽ. വൈറ്റ് ഹൗസ്, ലഫായെറ്റ് സ്ക്വയർ, ഈസ്റ്റ് പോട്ടോമാക് ഗോൾഫ് ലിങ്ക്സ്, ദേശീയ സ്മാരകങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ പൊതു ഇടങ്ങളുടെ മുഖച്ഛായ മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പബ്ലിക് ഗോൾഫ് കോഴ്‌സിനെ റൈഡർ കപ്പ്, പി.ജി.എ ടൂർ മത്സരങ്ങൾ, യു.എസ് ഓപ്പൺ എന്നിവക്ക് ആതിഥേയത്വം വഹിക്കാൻ ശേഷിയുള്ള ചാമ്പ്യൻഷിപ്പ് ലെവൽ വേദിയാക്കി മാറ്റാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. വാഷിങ്ടണിന്‍റെ വാട്ടർഫ്രണ്ടിന്റെ പ്രൗഢി വീണ്ടെടുക്കാനും പൊതു സൗകര്യങ്ങൾ ആധുനികവൽക്കരിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
മരങ്ങൾ വെട്ടിമാറ്റുന്ന നടപടി പൈതൃക സംരക്ഷണ സംഘടനകളുടെ കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. ഡി.സി പ്രിസർവേഷൻ ലീഗും ഗോൾഫ് കളിക്കാരും ഈസ്റ്റ് പോട്ടോമാക് പുനർവികസനത്തെ ചോദ്യം ചെയ്ത് ഹരജികൾ നൽകിയിട്ടുണ്ട്. ഈ പാർക്ക് പൊതുജനങ്ങളുടെ വിനോദത്തിനായി മാത്രം മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന 1897ലെ കോൺഗ്രസ് നിയമത്തിന് വിരുദ്ധമാണ് ഈ പദ്ധതിയെന്ന് എതിർക്കുന്നവർ വാദിക്കുന്നു. കൂടാതെ, നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഭരണകൂടം സ്റ്റാൻഡേർഡ് ഫെഡറൽ പരിസ്ഥിതി പരിശോധനകൾ ഒഴിവാക്കിയെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.