രക്തസാക്ഷികളുടെ ചോരയിൽനിന്ന് സ്വാതന്ത്ര്യത്തിന്‍റെ നാമ്പുകൾ തളിർക്കും -ഫലസ്തീന് പിന്തുണയുമായി മണ്ടേലയുടെ ചെറുമകൻ

കേപ് ടൗൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരെ ലോകമാകെ പ്രതിഷേധം അരങ്ങേറുകയാണ്. യൂറോപ്പിലും അമേരിക്കയിലുമടക്കം ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടക്കുന്നു. നിരവധി പ്രമുഖർ ഫലസ്തീൻ വിമോചനം ആവശ്യപ്പെട്ട് രംഗത്തുവന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഐതിഹാസിക നേതാവ് നെൽസൺ മണ്ടേലയുടെ ചെറുമകൻ ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയ ദൃശ്യങ്ങൾ ഇപ്പോൾ എക്സിൽ (ട്വിറ്റർ) പ്രചരിക്കുകയാണ്.

നിങ്ങളുടെ പോരാട്ടത്തിന് പിന്തുണയർപ്പിച്ച ലോകത്തകമാനമുള്ള ലക്ഷക്കണക്കിന് പേർക്കൊപ്പം ഞങ്ങളും ചേരുന്നെന്ന് സ്‌വെലൈ​വ്‌ലിലെ മണ്ട്‌ല മണ്ടേല പറഞ്ഞു.

Full View

പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ഇസ്രായേലിന്‍റെ നാളുകൾ എണ്ണപ്പെട്ടു. രക്തസാക്ഷികളുടെ ചോരയിൽനിന്ന് സ്വാതന്ത്ര്യത്തിന്‍റെ നാമ്പുകൾ തളിർക്കും. ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ അക്രമവും ഗസ്സയിലെ വംശഹത്യയും അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അധിവേശം അവസാനിക്കുന്നത് വരെ സ്വാതന്ത്ര്യം പുലരുന്നത് വരെ നിങ്ങൾക്കൊപ്പം നിൽക്കുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നും വിപ്ലവാഭിവാദ്യങ്ങൾ -അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി വൻ റാലി

ജൊഹന്നാസ്ബർഗ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ദക്ഷിണാഫ്രിക്കക്കാർ വെള്ളിയാഴ്ച കേപ്ടൗണിലെ തെരുവുകളിൽ മാർച്ച് നടത്തി. ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യ സന്ദേശങ്ങളടങ്ങിയ ബാനറുകളും ഫലസ്തീൻ പതാകകളുമായിട്ടായിരുന്നു മാർച്ച്. അൽ ഖുദ്സ് ഫൗണ്ടേഷനാണ് റാലി സംഘടിപ്പിച്ചത്.

സ്‌വെലൈ​വ്‌ലിലെ മണ്ട്‌ല മണ്ടേല റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനു വേണ്ടി സംസാരിക്കുക മാത്രം ചെയ്താൽ പോര, നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേൽ എയർലൈനിന്‍റെ എയർ ട്രാഫിക് ലൈസൻസ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആഴ്ച കേപ് ടൗണിൽ നടക്കുന്ന ഇത്തരത്തിലെ രണ്ടാമത്തെ ഐക്യദാർഢ്യ പരിപാടിയാണിത്. ബുധനാഴ്ച, ജൊഹന്നാസ്ബർഗിലെ യു.എസ് കോൺസുലേറ്റിന് പുറത്തും സൗത്ത് ആഫ്രിക്കൻ സയണിസ്റ്റ് ഫെഡറേഷന്‍റെ ഓഫീസിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags:    
News Summary - Nelson Mandela’s grandson support for Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.