‘ധാരണ അന്തിമമല്ല, വ്യവസ്ഥകൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരുടെ തലക്ക് മുകളിൽ ബോംബിടും...’; ഇറാനെതിരെ ഭീഷണിയുമായി വീണ്ടും ട്രംപ്

പാരിസ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള കരാർ വെള്ളിയാഴ്ച ഒപ്പിടാനിരിക്കെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ധാരണ അന്തിമമല്ലെന്നും തെഹ്റാൻ വ്യവസ്ഥകൾ ലംഘിച്ചാൽ ബോംബിടുന്നത് പുനരാരംഭിക്കുമെന്നും വെടിവെപ്പിലേക്ക് പോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജി7 ഉച്ചകോടിക്കിടെയാണ് ട്രംപിന്‍റെ പ്രതികരണം.

ധാരണാപത്രം മാത്രമാണ് തയാറാക്കിക്കൊണ്ടിരിക്കുന്നത്, കരാർ അന്തിമമായിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ പഴയതുപോലെ അവർക്കുനേരെ വെടിയുതിർക്കും. അവർ മോശമായി പെരുമാറിയാൽ അവരുടെ നെറുംതലയിൽ ബോംബുകൾ വർഷിക്കും’ -ട്രംപ് പറഞ്ഞു. കഴിഞ്ഞ 47 വർഷമായി ഇറാൻ മോശമായി പെരുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും സമാധാന കരാർ ഒപ്പിടാനിരിക്കെയാണ് ട്രംപിന്‍റെ ഭീഷണിസ്വരം.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും കരാറിൽ ഇ-ഒപ്പ് രേഖപ്പെടുത്തിയെങ്കിലും വെളളിയാഴ്ച ജനീവയിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ലബനാനിൽ ആക്രമണം തുടർന്നാൽ അത് കരാറിനെ അപ്രസക്തമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇസ്രായേലിനെയും കരാറിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങൾ യു.എസ് തുടരുകയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമാണ് ഇസ്രായേൽ പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നത്.

ഇറാൻ ഒരിക്കലും ആണവായുധം ഉപയോഗിക്കില്ലെന്നും സമ്പുഷ്‍ടീകരണം താൽക്കാലികമായി നിർത്തിവെക്കുമെന്നും തനിക്ക് ഉറപ്പു ലഭിച്ചതായി ട്രംപ് വ്യക്തമാക്കി. ഇത് ഇസ്രായേലിനെ കരാറിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള പ്രസ്താവനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കരാറിൽ ഇസ്രായേലും പങ്കാളിയാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

Tags:    
News Summary - Deal not final': Trump changes tune on Iran, threatens to ‘drop bombs’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.