ഡോണൾഡ് ട്രംപ്

അടിയന്തര ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്, ഇതര രാജ്യങ്ങൾ പരീക്ഷിക്കുമ്പോൾ നോക്കിയിരിക്കാനാവില്ലെന്നും പ്രതികരണം

വാഷിങ്ടൺ: വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് അടിയന്തര ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്. ഇതര ആണവ ശക്തികളുമായി കിടപിടിക്കുന്ന രീതിയിൽ ആണവായുധങ്ങളുടെ പരീക്ഷണം പുനഃരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകിയതായി ട്രംപ് വ്യക്തമാക്കി.

‘മറ്റ് രാജ്യങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നത് കണക്കിലെടുത്ത് സമാനമായ ആണവായുധങ്ങൾ പരീക്ഷിക്കുന്നത് അടിയന്തരമായി പുനഃരാരംഭിക്കാൻ ഞാൻ യുദ്ധ വകുപ്പിന് നിർദേശം നൽകി,’ ട്രംപ് ട്രൂത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞു. ആണവായുധങ്ങളുടെ കാര്യത്തിൽ റഷ്യ രണ്ടാമതാണ്, ചൈന ഏറെ പിന്നിൽ മൂന്നാമതും, എന്നാൽ അഞ്ചുവർഷത്തിൽ തുല്യ ശക്തികളാവുമെന്നും ട്രംപ് പറഞ്ഞു.

Full View

അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്നതും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നതുമായ പോസൈഡൺ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി ബുധനാഴ്ച റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ വെളിപ്പെടുത്തിയിരുന്നു. യു​ക്രെയ്നുമായുള്ള സംഘർഷത്തിൽ ട്രംപ് ഭരണകൂടം നിലപാട് കൂടുതൽ കടുപ്പിക്കുന്നതിനിടെയാണ് റഷ്യയുടെ നീക്കം.

ഒക്ടോബർ 21ന് പുതിയ ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിലൂടെയും ഒക്ടോബർ 22ന് ആണവ വിക്ഷേപണ പരിശീലനങ്ങളിലൂടെയും മേഖലയിലെ തങ്ങളുടെ വർധിച്ച കരുത്ത് ഉയർത്തിക്കാട്ടാനായിരുന്നു റഷ്യയുടെ ശ്രമം. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ തയ്യാറെടുക്കാൻ​ ട്രംപ് യു.എസ് യുദ്ധ വകുപ്പിന് നിർദേശം നൽകുന്നത്.

1992 ലാണ് അമേരിക്ക അവസാനമായി ആണവായുധം പരീക്ഷിച്ചത്.

പുതിയ ആണവായുധങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്നും പഴയവ പ്രവർത്തന സജ്ജമാണോ എന്നും പരിശോധിച്ച് ഉറപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്തരം പരീക്ഷണങ്ങൾ. റഷ്യ​ക്കും ചൈനക്കും ​മേൽ രംഗത്തെ അപ്രമാദിത്വം തെളിക്കുക കൂടിയാണ് നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

1945 ജൂലൈയിൽ ന്യൂ മെക്സിക്കോയിലെ അലമോഗോർഡോയിൽ 20 കിലോടൺ അണുബോംബ് പരീക്ഷിച്ചുകൊണ്ട് അമേരിക്കയാണ് ലോകത്ത് ആണവയുഗത്തിന് തുടക്കം കുറിച്ചത്. തുടർന്ന്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ 1945 ഓഗസ്റ്റിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിൽ ആണവായുധ വിരുദ്ധ നീക്കങ്ങൾ സജീവമായത്.

Tags:    
News Summary - Minutes Before Meeting Xi, Trump Orders Immediate Testing Of Nuclear Arms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.