വാഷിങ്ടൺ: ഇസ്രായേൽ സൈന്യത്തിന് സൗജന്യ ഭക്ഷണം നൽകാനുള്ള തീരുമാനത്തിനൊപ്പം തങ്ങളില്ലെന്ന് മക്ഡൊണാൾഡ്സിന്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസികൾ. മുസ്‍ലിം രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളാണ് കമ്പനിയുടെ തീരുമാനത്തിനെതിരെ ഉണ്ടാവില്ലെന്ന് അറിയിച്ചത്.
സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, ഈജിപ്ത്, ബഹറൈൻ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിലെ ഫ്രാഞ്ചൈസികളാണ് ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന തീരുമാനത്തിനെതിരെ ഉണ്ടാവില്ലെന്ന് അറിയിച്ചത്. ഇതിന് പുറമേ മൂന്ന് മില്യൺ ഡോളറിന്റെ സഹായം ഫലസ്തീന് നൽകുമെന്നും ഇവർ അറിയിച്ചു.
സാധ്യമായ സഹായങ്ങളെല്ലാം ഗസ്സക്കായി ചെയ്യുമെന്നും മക്ഡൊണാൾഡ്സ് ഒമാൻ അറിയിച്ചു. അതേസമയം, ചിക്കാഗോയിലെ മക്ഡോണാൾഡ്സ് ആസ്ഥാനത്ത് ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഗസ്സയിലെ അധിനിവേശ വെസ്റ്റ് ബാങ്കിലോ മക്ഡൊണാൾഡ്സിന് ഔട്ട്ലെറ്റുകളില്ല. ഈ പ്രദേശത്താണ് ഇസ്രായേലും ഹമാസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നത്. അതേസമയം, ഹിസ്ബുല്ല പോരാളികളുമായി ഇസ്രായേൽ പോരാടുന്ന ലെബനാൻ അതിർത്തിക്ക് സമീപം കമ്പനിക്ക് ഔട്ട്ലെറ്റുണ്ട്.
ഇസ്രായേൽ സൈനികർക്ക് സൗജന്യമായി മക്ഡോണാൾഡ്സ് ഭക്ഷണം നൽകിയിരുന്നു. പ്രതിദിനം 4000 പേർക്ക് ഭക്ഷണം നൽകാനുള്ള തീരുമാനമാണ് മക്ഡോണാൾഡ് കഴിഞ്ഞയാഴ്ച അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നൽകുന്ന കാര്യം മക്ഡോണാൾഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏകദേശം 10,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മക്ഡോണാൾഡ് സൈനികർക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പൗരൻമാർക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്ഡോണാൾഡിന്റെ ഔട്ട്ലെറ്റിലെത്തുന്ന പട്ടാളക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണം നൽകുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കമ്പനി വ്യക്തമാക്കി.
ഒരു ഔട്ട്ലെറ്റ് മുഴുവനായി സഹായം നൽകാൻ നീക്കിവെച്ചിട്ടുണ്ട്. പ്രതിദിനം 4000 ഭക്ഷണപൊതികൾ നൽകുകയാണ് ലക്ഷ്യം. ഇതുവരെ കമ്പനി സൈനികർക്കും ഇസ്രായേലിലെ താമസക്കാർക്കുമായി 12,000 ഭക്ഷണപൊതികൾ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.