ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിൽ പർവ്വതാരോഹകരെ നടുക്കി വൻ ഹിമപാതം. പർവ്വതാരോഹകരുടെ ക്യാമ്പിലേക്ക് ടൺ കണക്കിന് മഞ്ഞും ഐസ് കട്ടകളും അതിവേഗത്തിലാണ് ഇടിഞ്ഞു വീണത്. ചൈനയുടെ അധീനതയിലുള്ള ടിബറ്റ് ഭാഗത്തെ എവറസ്റ്റ് ബേസ് ക്യാമ്പിലാണ് സംഭവം. ഈ ഭീകരതാണ്ഡവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എവറസ്റ്റിന്റെ തെക്കൻ ചരിവിലുള്ള ബേസ് ക്യാമ്പിലാണ് ഹിമപാതം ആഞ്ഞടിച്ചത്. തുടക്കത്തിൽ നേരിയ ശബ്ദത്തോടെയാണ് തുടങ്ങിയതെങ്കിലും, നിമിഷങ്ങൾക്കകം അത് ഭീമാകാരമായ മഞ്ഞുചുവരായി മാറി വലിയ ശബ്ദത്തോടെ ക്യാമ്പിലേക്ക് കുതിച്ചെത്തുകയായിരുന്നു. ആകാശമാകെ പെട്ടെന്ന് മഞ്ഞുപടലങ്ങൾ കൊണ്ട് ഇരുണ്ടുപോയതായും കാഴ്ച പൂർണ്ണമായി മറഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. സെക്കന്റുകൾക്കുള്ളിൽ കനത്ത മഞ്ഞുക്കാറ്റ് ക്യാമ്പിനെ വിഴുങ്ങി. ടെന്റുകൾക്കുള്ളിലേക്ക് ഡൈവ് ചെയ്തും മൺതിട്ടകൾക്ക് പിന്നിൽ ഒളിച്ചും പർവ്വതാരോഹകരും മറ്റ് ജീവനക്കാരും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
കനത്ത മഞ്ഞുപാളികൾ പല ടെന്റുകളെയും ഭാഗികമായി മൂടിക്കളഞ്ഞു. വൻ ദുരന്തത്തിന്റെ ഭീതിയിലായിരുന്നിട്ടും, മുമ്പ് ലഭിച്ച സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ട് പർവ്വതാരോഹകർക്ക് വലിയ അപകടമൊന്നും സംഭവിച്ചില്ല. അപകടം മഞ്ഞുപാളികൾ ഒന്നടങ്ങുന്നതുവരെ എല്ലാവരോടും താഴേക്ക് കിടക്കാനും സുരക്ഷിതമായിരിക്കാനും പരസ്പരം വിളിച്ചുപറയുന്ന ദൃശ്യങ്ങൾ ടെന്റുകൾക്കുള്ളിൽ നിന്ന് പകർത്തിയ വിഡിയോകളിൽ വ്യക്തമാണ്.
എവറസ്റ്റ് കയറുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇത്തരം ഹിമപാതങ്ങൾ. പർവ്വതാരോഹണം സജീവമാകുന്ന ഈ സീസണിൽ താപനില ഉയരുന്നതും, മഞ്ഞുപാളികൾക്കിടയിലെ മാറ്റങ്ങളും, ശക്തമായ കാറ്റും ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. എത്ര പരിചയസമ്പന്നരായ പർവ്വതാരോഹകർക്കാണെങ്കിലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തതാണ് ഹിമപാതങ്ങൾ.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ക്യാമ്പിലെ ഉപകരണങ്ങൾക്കും ടെന്റുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും ജീവഹാനിയോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളും മികച്ച ആസൂത്രണവുമുണ്ടെങ്കിലും എവറസ്റ്റിൽ ഇപ്പോഴും പ്രകൃതി തന്നെയാണ് അവസാന വാക്ക് എന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.