വാഷിങ്ടൺ: യു.എസിൽ ഗ്രീൻ കാർഡ് അഥവാ സ്ഥിര താമസ കാർഡ് ലഭിക്കാൻ വിവാഹം മാനദണ്ഡമായി കണക്കാക്കില്ലെന്ന് ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ. പുതിയ ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ വിവാഹാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളിൽ കടുപ്പമേറിയ പരിശോധനകൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് യു.എസ് ഇമിഗ്രേഷൻ വിഭാഗം. വിവാഹം യഥാർത്ഥമാണോ അതോ ഇമിഗ്രേഷൻ ആനുകൂല്യങ്ങൾക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അത് മൗലികാവകാശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വം ലഭിക്കുന്നതിന് വേണ്ടി അമേരിക്കൻ പൗരരെ വിവാഹം കഴിക്കുന്നത് സാധാരണയായിരുന്നു. നിലവിലെ യു.എസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് പ്രകാരം അമേരിക്കൻ പൗരനായ വ്യക്തിയുടെ ജീവിതപങ്കാളികൾ പൗരന്റെ ‘അടുത്ത ബന്ധുക്കളുടെ’ വിഭാഗത്തിൽ പെടുന്നവരാണ്. അതുകൊണ്ട് യു.എസ് പൗരന്മാരുടെ ഭാര്യാ ഭർത്താക്കന്മാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ രേഖപ്രകാരം വിവാഹം ചെയ്തത് കൊണ്ട് മാത്രം ഗ്രീൻ കാർഡ് വിസക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.
ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് കല്യാണം കഴിച്ച് വേറിട്ട് താമസിക്കുന്നവരുടെ വിസ നടപടികളെ ഇത് ബാധിക്കുമെന്ന് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു. ജോലി, താമസ സൗകര്യം, പണം എന്ത് കാരണമായാലും ശരി ഒരുമിച്ച് താമസിക്കുന്നവരല്ലെങ്കിൽ വിസ അപേക്ഷ തള്ളുന്നതായിരിക്കും എന്ന് ബെൺസ്റ്റെൻ തന്റെ ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറഞ്ഞു. ഗ്രീൻ കാർഡ് ആവശ്യമുള്ളവരാണെങ്കിൽ ദമ്പതികളായി ഒരുമിച്ച് ജീവിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം താക്കീത് നൽകി. മാത്രവുമല്ല വിവാഹത്തിന്റെ ആധികാരികത തെളിയിക്കാൻ മതിയായ രേഖകളും സാഹചര്യങ്ങളും തെളിയിക്കേണ്ടത് നിർബന്ധമാണ്.
ഇവ ലംഘിച്ചാൽ അപേക്ഷകൾ നിരസിക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും കോടതിക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും അറ്റോണി ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള മാർഗമായ വിവാഹാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ. പരിശോധനയിലൂടെ തട്ടിപ്പുകൾ തടയാനും പൗരത്വത്തിലേക്കുള്ള എളുപ്പവഴികൾ അടക്കാനുമാണ് യു.എസ് ലക്ഷ്യമിടുന്നത്. അനധികൃത ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ കൂടുതൽ കടുപ്പമേറിയതാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.