ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയെ വധിച്ച സാമ്രാജ്യത്വ നടപടിയെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ചരിത്രത്തിന്റെ ഏടുകൾ അൽപമൊന്ന് പിന്നോട്ട് മറിച്ചുനോക്കിയാൽ, ഇപ്പോൾ നടക്കുന്നത് സാമ്രാജ്യത്വം കാലങ്ങളായി രൂപപ്പെടുത്തിയ ഹീനപദ്ധതിയുടെ ആവർത്തനമാണെന്ന് ബോധ്യപ്പെടും.
ഒരു രാഷ്ട്രത്തലവന്റെ ആശയങ്ങളോടോ നിലപാടുകളോടോ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് വിയോജിപ്പുകളും പ്രതിഷേധങ്ങളും ഉണ്ടാകാം; ആരാധനയെന്ന പോലെ വിരോധവും ഉണ്ടാകാം. എന്നാൽ അവക്കപ്പുറം, സാമ്പത്തികവും അധികാരപരവുമായ നേട്ടങ്ങൾക്കായി രാജ്യങ്ങളെ വരുതിയിൽ നിർത്താനും, അതിനു വഴങ്ങാത്ത രാജ്യങ്ങൾക്കെതിരെ ആയുധമെടുക്കാനും ശക്തരായ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത് അവരുടെ പ്രതിലോമകരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളാണ്.
ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ നേതാവിനെ ഒരു നിയമസാധുതയുമില്ലാതെ ഇല്ലാതാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഒരു ശാക്തികചേരി തീരുമാനിക്കുമ്പോൾ, അത് സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ വികൃതവും സ്വേച്ഛാപരവുമായ തുടർച്ചയാണ്. ലോകസമാധാനത്തിനും ജനാധിപത്യ പുനഃസ്ഥാപനത്തിനുമാണ് ഈ കൊലപാതകമെന്ന ന്യായീകരണം അതിലേറെ പരിഹാസ്യവുമാണ്.
1961ൽ പാട്രിസ് ലുമുംബ കൊല്ലപ്പെട്ടത്, എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആഗോള ഭീമന്മാരുടെ കുതന്ത്രങ്ങളുടെ ഭീതിദമായ തുടക്കമായിരുന്നു. ബെൽജിയൻ ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയ കോംഗോയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രിയായിരുന്നു ലുമുംബ.
രാജ്യത്തിന്റെ വിഭവങ്ങളും രാഷ്ട്രീയ ഭാവിയും സ്വന്തം ജനതതന്നെ നിയന്ത്രിക്കണമെന്ന അദ്ദേഹത്തിന്റെ ആദർശം ആഗോള ശക്തികൾക്ക് അംഗീകരിക്കാനാവുമായിരുന്നില്ല. ലുമുംബയുടെ വധം ഒരു വ്യക്തിയുടെ അന്ത്യം മാത്രമായിരുന്നില്ല; മറിച്ച്, പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു.
രാഷ്ട്രീയ സ്വാതന്ത്ര്യം നാമമാത്രമാണെന്നും, യഥാർഥ അധികാരം എപ്പോഴും തങ്ങളുടെ കൈകളിലായിരിക്കുമെന്നും, അനുസരിക്കാത്തവരെ നശിപ്പിക്കുമെന്നുമുള്ള സന്ദേശമാണത് നൽകിയത്. അന്നുമുതൽ ഇന്നോളം, വഴങ്ങാത്ത രാഷ്ട്രങ്ങൾക്കു മേലുള്ള രഹസ്യ ഇടപെടലുകൾ, സാമ്പത്തിക ഉപരോധങ്ങൾ, പ്രോക്സി യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കൽ എന്നിവ ഒട്ടും അയവില്ലാതെ തുടരുന്നു.
വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ പിന്തുണയോടെ 1953ൽ മുഹമ്മദ് മുസദ്ദിഖ് സർക്കാറിനെ അട്ടിമറിച്ചത് ഇറാന്റെ ചരിത്രത്തിൽ നിർണായകമാണ്. എണ്ണ വിഭവങ്ങൾ ദേശീയവത്കരിക്കാൻ ശ്രമിച്ച നേതാവിനെ പുറത്താക്കിയത് തന്ത്രപരമായ താൽപര്യങ്ങൾക്കുവേണ്ടിയായിരുന്നു.
തങ്ങൾക്ക് അവകാശമില്ലാത്ത വിഭവങ്ങൾ കൈക്കലാക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളാണ് ഇത്തരം അട്ടിമറികൾക്കും കൊലപാതകങ്ങൾക്കും പിന്നിലെന്ന് നാം തിരിച്ചറിയണം.
ആയത്തുല്ല ഖാംനഈ അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം വിദേശ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകമാണ്. വിമർശകർ അദ്ദേഹത്തിന്റെ ആഭ്യന്തര ഭരണശൈലിയെ ചോദ്യംചെയ്തേക്കാം. എന്നാൽ, ഒരു ഭരണാധികാരിയുടെ നയങ്ങളോട് ജനങ്ങൾക്കുള്ള എതിർപ്പ് സാമ്രാജ്യത്വ ഇടപെടലിനുള്ള ന്യായമല്ല.
രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങൾ അതത് സമൂഹങ്ങൾക്കകത്തുനിന്നാണ് ഉണ്ടാകേണ്ടത്; അല്ലാതെ പുറത്തുനിന്നുള്ള ശക്തിപ്രയോഗത്തിലൂടെയല്ല. വൈദേശിക ശക്തികൾ ഇടപെടുന്നത് അവിടത്തെ ജനങ്ങളുടെ ഗുണത്തിനല്ല; മറിച്ച്, സ്വാർഥതക്കുവേണ്ടിയാണ്.
ചരിത്രത്തിൽ എന്നും പരിചിതമായ ഒരു മാതൃകയുണ്ട്: ആദ്യം ഒരു നേതാവിനെയോ പ്രത്യയ ശാസ്ത്രത്തെയോ ആഗോള ഭീഷണിയായി ചിത്രീകരിക്കുക. തുടർന്ന് മാധ്യമങ്ങളിലൂടെ അവർ രക്തദാഹികളും മനുഷ്യവിരുദ്ധരുമാണെന്ന പൊതുബോധം സൃഷ്ടിക്കുക. അതിനുശേഷം, ജനങ്ങളെ ‘രക്ഷിക്കാൻ’ സൈനിക നടപടി അനിവാര്യമാണെന്ന് പ്രഖ്യാപിക്കുക.
മുമ്പ് കമ്യൂണിസത്തെ നശിപ്പിക്കാനെന്ന പേരിലായിരുന്നു ഇത്തരം ഇടപെടലുകൾ. പിന്നീട് അത് ‘ഭീകരവിരുദ്ധ യുദ്ധം’ എന്നായി. ഇപ്പോൾ ‘ആണവ ഭീഷണി’ എന്ന പേരിലും ഇത് ആവർത്തിക്കുന്നു. പേരും ന്യായീകരണവും മാറുന്നുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്. ഇറാനിൽ ഇപ്പോൾ നടക്കുന്നത് പണ്ട് ലാറ്റിൻ അമേരിക്കയിലും ഫിഡൽ കാസ്ട്രോക്കെതിരെയും നടന്ന ഒളിപ്പോരുകളുടെ മറ്റൊരു രൂപം മാത്രമാണ്.
ഇന്നത്തെ ആഗോളക്രമത്തിൽ ഏറ്റവും വലിയ ഭീഷണി അമേരിക്കയും ഇസ്രായേലും നടത്തുന്ന ‘ആഗോള പൊലീസ്’ ചമയലാണ്. ഭീകരവിരുദ്ധ യുദ്ധമെന്ന പേരിൽ അവർ നടത്തിയ ആക്രമണങ്ങൾ പലപ്പോഴും സാധാരണ മനുഷ്യരുടെ വംശഹത്യകളിലാണ് കലാശിച്ചത്.
വലിയ നഗരങ്ങളും സംസ്‌കൃതികളും തകർക്കപ്പെട്ടു. ഇറാഖ് മുതൽ ഗസ്സ വരെയും ഇപ്പോൾ ഇറാനിലേക്കും നീളുന്ന ഈ സംഭവവികാസങ്ങൾ നീതിയുടേതല്ല; മറിച്ച്, സൈനിക മേൽക്കോയ്മയുടേതാണ്. നേതാക്കളെ വധിക്കുന്നതിലൂടെ സമാധാനം ഉണ്ടാകുമെന്ന വ്യാമോഹം ചരിത്രം പലതവണ തിരുത്തിയിട്ടുണ്ട്.
ലുമുംബയുടെ വധം കോംഗോയിൽ സമാധാനം കൊണ്ടുവന്നില്ല; പകരം ദീർഘകാല അസ്ഥിരതക്കാണ് വഴിയൊരുക്കിയത്. പശ്ചിമേഷ്യയിലെ ഇടപെടലുകൾ കൂടുതൽ രക്തരൂഷിതമായ സംഘർഷങ്ങളാണ് സൃഷ്ടിച്ചത്. പുറത്തുനിന്നുള്ള ഏകപക്ഷീയമായ ശക്തിപ്രയോഗം മുറിവേറ്റ സമൂഹങ്ങളെ ചർച്ചകളിൽനിന്ന് അകറ്റി ആയുധ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രങ്ങളുടെ സ്വയംഭരണത്തെ സംരക്ഷിക്കാനും ഏകപക്ഷീയ സൈനിക നടപടികളെ എതിർക്കാനും നാം ശബ്ദമുയർത്തണം. ഇത് ഒരു പ്രത്യേക ഭരണകൂടത്തെ പിന്തുണക്കലല്ല; മറിച്ച്, സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും ആഗോള തത്ത്വങ്ങളെ ഉയർത്തിപ്പിടിക്കലാണ്.
ലുമുംബയും ഇറാനും തമ്മിലുള്ള താരതമ്യം സാഹചര്യങ്ങളുടെ സമാനതയല്ല; മറിച്ച്, സാമ്രാജ്യത്വത്തിന്റെ രീതിയെയാണ് സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കാൻ ബാഹ്യശക്തികൾക്ക് അവകാശമുണ്ടോ എന്നതാണ് ചോദ്യം. രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ നേതാക്കളെ കൊലപ്പെടുത്തുന്നത് ഒരിക്കലും സമാധാനത്തിലേക്കുള്ള വഴിയല്ല. ആത്യന്തികമായി, കൊലപാതകം ഒരു രാഷ്ട്രീയ ഉപാധിയായി അംഗീകരിക്കപ്പെട്ടാൽ ഈ ലോകത്ത് ആരും സുരക്ഷിതരായിരിക്കില്ല.
(shajiwayanad@gmail.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.