വാഷിങ്ടൺ: യു.എസിന്റെ ഇറാൻ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രമെന്ന് സർവേഫലം. റോയിട്ടേഴ്സ് ഇപ്സ്പോസ് സർവേയിലാണ് നിർണായകമായ കണ്ടെത്തൽ. നാലിൽ ഒരാൾ മാത്രമാണ് യു.എസിന്റെ ആക്രമണത്തെ അനുകൂലിക്കുന്നത്. 49 ശതമാനം പേർ യുദ്ധം വേണ്ടെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 29 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾക്കിടിയിലാണ് ഏറ്റവും കൂടുതൽ പേർ യുദ്ധത്തെ അനുകൂലിച്ചത്. പാർട്ടിയിലെ 55 ശതമാനം പേർ യുദ്ധത്തെ അനുകൂലിച്ചപ്പോൾ 13 ശതമാനം ആളുകൾ എതിരാണ്. 32 ശതമാനം പേർ ഇക്കാര്യത്തിൽ ഉറച്ച അഭിപ്രായം രേഖപ്പെടുത്താൻ തയാറായില്ല. ഭൂരിപക്ഷം പേർക്കും യുദ്ധത്തോട് താൽപര്യമില്ലെന്നാണ് സർവേഫലം തെളിയിക്കുന്നത്.
വാഷിങ്ടൺ: പൂർണമായ ലക്ഷ്യം നേടുന്നത് വരെ ഇറാനെതിരായ സൈനിക നടപടി നിർത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത്സോഷ്യലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ട്രംപിന്റെ പരാമർശം. ഇറാൻ ആക്രമണങ്ങളിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഇറാൻ തിരിച്ചടിയിൽ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തതായി അമേരിക്ക സ്ഥിരീകരിച്ചു. പെന്റഗണാണ് സ്ഥിരീകരണവുമായി രംഗത്തെത്തിയത്. നിരവധിപേർക്ക് നിസ്സാര പരിക്കുണ്ടെന്നും പെന്റഗൺ അറിയിച്ചു.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും ലോക രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ ഇറാന്റെ സഖ്യകക്ഷികൂടിയായ റഷ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഐക്യരാഷ്ട്രസഭ അംഗമായ പരമാധികാര, സ്വതന്ത്ര രാജ്യത്തിനെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകോപനമില്ലാത്ത സായുധ ആക്രമണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആണവ പദ്ധതിയിൽ ആശങ്കയുണ്ടെന്ന് വാദിച്ച് ഇറാനിലെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ് യു.എസും ഇസ്രായേലുമെന്ന് മന്ത്രാലയം തുറന്നടിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. എല്ലാ മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് കൊലപാതകമെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.