വാഷിങ്ടൺ: ഭാര്യയെ കൊലപ്പെടുത്തിയയാൾക്ക് യു.എസ്. കോടതി 65 വർഷം തടവ് ശിക്ഷ വിധിച്ചു. കാമുകിക്കൊപ്പം ജീവിക്കാൻ 46കാരനായ റിച്ചാർഡ് ഡാബേറ്റ് ആണ് ഭാര്യ കോണി ഡാബെറ്റിനെ കൊലപ്പെടുത്തിയത്. മരണ സമയതത്ത് ഭാര്യ കൈയിൽ ധരിച്ചിരുന്ന ഫിറ്റ്ബിറ്റ് ബോഡി ട്രാക്കർ ആണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
2015 ക്രിസ്മസിനായിരുന്നു കൊലപാതകം നടന്നത്. റിച്ചാർഡ് പൊലീസിന് നൽകിയ മൊഴിയും കൊലപാതകം നടന്ന ദിവസം ബോഡി ട്രാക്കറിലുണ്ടായ വിവരങ്ങളും തമ്മിലെ വൈരുദ്ധ്യമാണ് പൊലീസിന് മുമ്പിൽ തുമ്പായത്. ഏഴ് വർഷം നീണ്ട കോടതി നടപടികളിൽ നൂറോളം സാക്ഷികളെയാണ് വിസ്തരിച്ചത്.
കോണിക്കു നേരെ റിച്ചാർഡ് തുടരെ വെടിയുതിർക്കുകയായിരുന്നു. ആറും ഒമ്പതും വയസ്സുള്ള ഇവരുടെ മക്കൾ സ്കൂളിലായിരുന്നു ഈ സമയം. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ നിലത്ത് മരിച്ചുകിടക്കുന്ന കോണിയെയും സമീപം കസേരയിൽ കെട്ടിയിട്ട നിലയിൽ റിച്ചാർഡിനെയുമാണ് കണ്ടെത്തിയത്.
മുഖംമൂടി ധരിച്ച രണ്ടു പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭാര്യക്കുനേരെ വെടിയുതിർത്തെന്നും തന്നെ കസേരയിൽ കെട്ടിയിട്ടെന്നുമാണ് റിച്ചാർഡ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഘർഷം നടന്നതിന്റെ തെളിവുകൊളന്നും വീട്ടിൽനിന്ന് പൊലീസിന് കണ്ടെത്താനായില്ല.
സംശയം തോന്നി പൊലീസ് റിച്ചാർഡിനെ വിശദമായി ചോദ്യം ചെയ്തു. ഇത് ആറു മണിക്കൂർ നീണ്ടു. ഈ ചോദ്യം ചെയ്യലിൽ തനിക്ക് കാമുകിയുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കാമുകി ഗർഭിണിയാണെന്നും ഈ ബന്ധം ഭാര്യക്ക് അറിയില്ലായിരുന്നെന്നും ഇയാൾ പറഞ്ഞു. എന്നാൽ, ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാൾ സമ്മതിച്ചില്ല.
പിന്നീട്, റിച്ചാർഡിന്‍റെയും കോണിയുടെയും ലാപ്ടോപ്പ്, മൊബൈൽ എന്നിവ പൊലീസ് പരിശോധിച്ചു. ഇങ്ങിനെയാണ് മരിക്കുമ്പോഴും കോണിയുടെ കൈയിലുണ്ടായിരുന്ന ബോഡി ട്രാക്കറും പൊലീസ് പരിശോധിക്കുന്നത്. കോണിക്ക് വെടിയേറ്റു എന്ന് റിച്ചാർഡ് മൊഴിയിൽ പറഞ്ഞ സമയം കഴിഞ്ഞും അവർക്ക് ജീവനുണ്ടായിരുന്നെന്ന് ബോഡി ട്രാക്കർ പരിശോധനയിൽ തെളിഞ്ഞു. ഇത്തരത്തിൽ നിരവധി വൈരുദ്ധ്യങ്ങൾ റിച്ചാർഡിന്‍റെ മൊഴിയിൽ പൊലീസ് കണ്ടെത്തി.
മാത്രമല്ല, ഭാര്യ മരിച്ച് ഏതാനും ദിവസങ്ങൾ കഴിഞപ്പോൾ തന്നെ ഇയാൾ ഇൻഷുറുൻസ് തുക ആവശ്യപ്പെട്ട് ഇയാൾ പോളിസി കമ്പനിയിൽ പോയിരുന്നു. ഭാര്യയുടെ പേരിലുണ്ടായിരുന്ന എസ്റ്റേറ്റും തന്‍റെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.