ഡോണൾഡ് ട്രംപ്, മരിയ കൊരീന മഷാദോ
ന്യൂയോർക്ക്: തന്നോടുള്ള ബഹുമാനാർഥമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “നൊബേൽ നേടിയ ആൾ എന്നെ വിളിച്ച് ആദരവ് അറിയിച്ചു. ഞാൻ പുരസ്കാരം അർഹിക്കുന്നുവെന്ന് പറഞ്ഞു. വലിയ കാര്യമാണത്. എനിക്കുതന്നെ പുരസ്കാരം തരണമെന്ന് പറഞ്ഞിട്ടില്ല. ദശലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാനായതിൽ വലിയ സന്തോഷമുണ്ട്” -ട്രംപ് പറഞ്ഞു.
സമാധാന നൊബേലിന് ഏറ്റവുമർഹൻ താനാണെന്ന് തുടർച്ചയായി ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് വെള്ളിയാഴ്ച മഷാദോക്ക് പുരസ്കാരം പ്രഖ്യാപിക്കുന്നത്. പിന്നാലെ താൻ പുരസ്കാരം വെനസ്വേലൻ ജനതക്കും നിരന്തരം പിന്തുണക്കുന്ന പ്രസിഡന്‍റ് ട്രംപിനുമായി സമർപ്പിക്കുന്നതായി അവർ എക്സിൽ കുറിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ, നൊബേൽ കമ്മിറ്റി രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.
ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ സമാധാന നൊബേലിന് താൻതന്നെയാണ് അർഹനാണെന്ന് ട്രംപ് വീണ്ടും പറഞ്ഞിരുന്നു. സിറ്റിങ് യു.എസ് പ്രസിഡന്‍റായിരിക്കെ തിയോഡർ റൂസ്വെൽറ്റ് (1906), വുഡ്രോ വിൽസൺ (1919), ബറാക് ഒബാമ (2009) എന്നിവർക്ക് സമാധാന നൊബേൽ ലഭിച്ചിട്ടുണ്ട്. ജിമ്മി കാർട്ടർ 2002ലും മുൻ വൈസ് പ്രസിഡന്‍റ് അൽഗോർ 2007ലും പുരസ്കാരത്തിന് അർഹരായി. ഒബാമയുടെ സ്ഥിരം വിമർശകനായ ട്രംപ്, ഒബാമക്ക് ഒന്നുംചെയ്യാതെ വെറുതെ ഇരുന്നതിനാണ് പുരസ്കാരം നൽകിയതെന്ന് ആക്ഷേപിച്ചിരുന്നു.
അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താന്‍, കംബോഡിയ-തായ്‌ലാന്‍ഡ്, കൊസോവോ-സെര്‍ബിയ, കോംഗോ-റുവാണ്ട, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍/ യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. അതിനാൽ സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന അവകാശവാദവും ഡോണൾഡ് ട്രംപ് നിരന്തരം ആവര്‍ത്തിച്ചു.
താൻ പുരസ്കാരത്തിന് അർഹനാണെന്ന് ട്രംപ് പറയുമ്പോഴും അദ്ദേഹത്തിന് സ്വന്തം രാജ്യത്തുപോലും വൻതോതിൽ ജനപ്രീതി ഇടിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത. വിസ ചട്ടങ്ങളിൽ മാറ്റം വരുത്തിയതും കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തിയതും ട്രംപിന് അന്താരാഷ്ട്ര തലത്തിൽ അപ്രീതി നേടിക്കൊടുത്തു. ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്താൻ നാഷനൽ ഗാർഡിനെ ഉപയോഗിച്ചു. ആഗോളതാപത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കുമ്പോൾ, പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്ന് യു.എസ് പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വ്യാപാരം തകിടംമറിയുംവിധം താരിഫ് പരിഷ്കരണങ്ങളും ട്രംപ് കൊണ്ടുവന്നതിൽ എതിർപ്പുള്ള വലിയ വിഭാഗം അമേരിക്കയിൽ തന്നെയുണ്ട്.
ലോകം മുഴുവൻ തന്നെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലകുറി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ, പലരും അദ്ദേഹത്തിന് നൊബേൽ പ്രതീക്ഷിച്ചതുമാണ്. എന്നാൽ, വെള്ളിയാഴ്ച നോർവീജിയൻ നൊബേൽ കമ്മിറ്റി സമാധാന പുരസ്കാരം പ്രഖ്യാപിച്ചത് വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്ക്. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനും പാർലമെന്ററി രാഷ്ട്രീയത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിനുമായി അവർ നടത്തിയ പോരാട്ടങ്ങളെയും സ്മരിച്ചാണ് മരിയ മഷാദോക്ക് പുരസ്കാരം നൽകിയിരിക്കുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.
2002 മുതൽ ചാവെസ് ഭരണകൂടത്തിനെതിരെ പോർമുഖത്തുണ്ട് മഷാദോ. കടുത്ത സാമ്രാജ്യത്വ വിരുദ്ധ സമീപനം ചാവെസ് സ്വീകരിക്കുമ്പോഴും ഒരു ഭരണകൂട തലവൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. നാഷനൽ അസംബ്ലിയിൽ പ്രതിപക്ഷത്തിന് അർഹമായ സ്ഥാനമില്ലാത്തതും തെരഞ്ഞെടുപ്പുകൾ സുതാര്യമല്ലാത്തതുമൊക്കെ ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭങ്ങൾ അവിടെ നടന്നിട്ടുണ്ട്. പ്രതിപക്ഷത്തെ ഐക്യപ്പെടുത്താനും ജനാധിപത്യ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ്യത്ത് അവബോധം സൃഷ്ടിക്കാനും മഷാദോക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.