തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനുശേഷം, അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുതിയ പോസ്റ്റ്. വ്യാഴാഴ്ച രാത്രി 8:36നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന സൂചനയാണ് മിസൈലുകളുടെ നിർമാണവും വിക്ഷേപണവും ചിത്രീകരിക്കുന്ന പശ്ചാത്തലമുള്ള ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.
"സയണിസ്റ്റുകൾ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു.. ദൈവാനുഗ്രഹത്താൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ തീർച്ചയായും നിരാശരാക്കും" എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റ് വന്നത്.
സയന്റിസ്റ്റുകൾ വലിയ മിസൈൽ നിർമിക്കുന്നതും അത് വിക്ഷേപിക്കാനൊരുങ്ങുന്ന സൈന്യത്തെയും, മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന പശ്ചാത്തലത്തെയും സൂചിപ്പിക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്. പാറിപ്പറക്കുന്ന ഒരു ഇറാൻ പതാകയും ചിത്രത്തിൽ കാണാം. സയണിസ്റ്റുകൾക്കെതിരായ ഭീഷണി സ്വരത്തോടെയാണ് എക്സ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫെബ്രുവരി 28ന് അമേരിക്ക- ഇസ്രായേൽ സംയുക്താക്രമണത്തിൽ പരിക്കേറ്റതിനു പിന്നാലെയാണ് ആയത്തുല്ല അലി ഖാംനഈ മരണപ്പെട്ടത്. ഖാംനഈയുടെ വധത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി.
1989 മുതൽ ഇറാന്റെ അമരത്തുള്ള ഖാംനഈ രണ്ടാമത്തെ പരമോന്നത നേതാവാണ്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന തലവൻ കൂടിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.