വാഷിങ്ടൺ: കടലിൽ ആരോരും കൂട്ടിനില്ലാതെ ഡൈവിങ്ങിനിടെ ഒരു കൂറ്റൻ തിമിംഗലം വാ പിളർത്തിവന്ന് ഒന്നാകെ വിഴുങ്ങിക്കളഞ്ഞാൽ എന്തുചെയ്യും? മരണത്തിന് നിന്നുകൊടുക്കുക തന്നെ. അങ്ങനെ മരണമുറപ്പിച്ച് ഒടുവിൽ ഒന്നും സംഭവിക്കാതെ ജീവിതത്തിലേക്ക് തിരികെയെത്തിയ 56 കാരൻ ൈമക്കൽ പക്കാഡാണ് അമേരിക്കയിലിപ്പോൾ താരം.
വെള്ളിയാഴ്ച രാവിലെയാണ് മസച്ചുസെറ്റ്സ് സംസ്ഥാനത്തെ പ്രൊവിൻസ്ടൗൺ തീരത്ത് ചെമ്മീൻവേട്ടക്കായി കടലിൽ ഡൈവിങ്ങിനിറങ്ങിയത്. 14 മീറ്റർ താഴ്ചയിൽ നിൽക്കെ പെട്ടെന്ന് കൂറ്റൻ തിമിംഗലം പിറകിലൂടെ വന്ന് വാ പിളർത്തി. സ്രാവാണ് ആക്രമിക്കാനെത്തിയതെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് മനസ്സിലായി അതിനെക്കാൾ വലിയ തിമിംഗലമാണെന്ന്.
പെട്ടെന്ന് എല്ലാം ഇരുട്ടിയതോടെ കാര്യങ്ങൾ കൈവിടുന്നുവെന്ന ആധി പിടികൂടി. വായിലാക്കി വിഴുങ്ങാനുള്ള പുറപ്പാടിലായിരുന്നു തിമിംഗലം. പല്ലില്ലാതിരുന്നതിനാൽ വലിയ വേദന തോന്നിയില്ലെങ്കിലും ജീവൻ തന്നെ പോകുന്നിടത്ത് അതിലെന്തുകാര്യം. മനസ്സിൽ കുടുംബം ഓടിവന്നു. മരണം ഉറപ്പിച്ച നിമിഷങ്ങൾക്കൊടുവിൽ തിമിംഗലം ജലോപരിതലത്തിലേക്ക് വന്ന് വാ തുറന്ന് തന്നെ പുറന്തള്ളി. 30 സെക്കൻഡ് നേരമായിരുന്നു അങ്ങനെ തിമിംഗല വായിൽ പക്കാഡ് കഴിച്ചുകൂട്ടിയത്.
കൂടെയുണ്ടായിരുന്ന ക്യാപ്റ്റൻ ജേ ഫ്രാൻസിസ് ഉടൻ പക്കാഡിനെ തീരത്തെത്തിച്ചു. പാതി വിഴുങ്ങിയിട്ടും വിടാൻ മനസ്സുവന്നതെങ്ങനെയെന്ന് വിശ്വസിക്കാൻ ഇപ്പോഴും ഇയാൾക്കാകുന്നില്ല. മനുഷ്യരെ പൊതുവെ ആഹാരമാക്കാത്ത വിഭാഗമാണ് കൂനൻ തിമിംഗലങ്ങൾ. മത്സ്യങ്ങളെയാണ് ഇവ ആഹാരമാക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.