വ്ളാദിമിർ പുടിൻ, ഡൊണാൾഡ് ട്രംപ്, വൊളോദിമർ സെലൻസ്കി

റഷ്യ-യുക്രൈൻ സംഘർഷം; ജൂണിനുള്ളിൽ സമാധാന കരാർ: അമേരിക്കയുടെ നീക്കങ്ങൾ വെളിപ്പെടുത്തി സെലൻസ്കി

കീവ്: റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ മാസത്തിനുള്ളിൽ സമാധാന കരാറിലെത്താൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി. ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് സമാധാന ചർച്ചകൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കാൻ യു.എസ് ലക്ഷ്യമിടുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ യുക്രൈൻ-റഷ്യ പ്രതിനിധികളുടെ കൂടിക്കാഴ്ച അമേരിക്കയിലെ മിയാമിയിൽ വെച്ച് നടത്താൻ യു.എസ് നിർദേശിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചു.

സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് വലിയ സമ്മർദ്ദമുണ്ടെങ്കിലും പ്രധാനപ്പെട്ട പല വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. ഡോൺബാസ് മേഖലയുടെ പൂർണ്ണ നിയന്ത്രണം വേണമെന്ന് റഷ്യ ആവശ്യപ്പെടുമ്പോൾ, ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യുക്രൈൻ. എന്നാൽ യുക്രൈനിന്റെ ഭാവി സുരക്ഷയുമായി ബന്ധപ്പെട്ട ഉറപ്പുകളിലും ഇരുപക്ഷവും ധാരണയിലെത്തിയിട്ടില്ല. അബുദാബിയിൽ നടന്ന മുൻ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് മിയാമിയിൽ പുതിയ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

സമാധാന ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ തന്നെ യുക്രൈനിലെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ വൻ ആക്രമണം നടത്തി. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാക്കാനാണ് റഷ്യയുടെ നീക്കം. 400-ലധികം ഡ്രോണുകളും 40-ഓളം മിസൈലുകളുമാണ് റഷ്യ യുക്രൈനിന് മേൽ പ്രയോഗിച്ചത്.

പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ് (Lviv), റിവ്‌നെ (Rivne) തുടങ്ങിയ മേഖലകളിലെ ഊർജ്ജ ഗ്രിഡുകൾ തകർന്നു. ലിവിവിൽ 6 ലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലായി. പലയിടങ്ങളിലും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഹീറ്റിങ് സംവിധാനങ്ങൾ നിലച്ചത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

'നയതന്ത്രത്തിന് പകരം അതിശൈത്യത്തെ ആയുധമാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. ഇത് തടയാൻ പേട്രിയറ്റ്, നാസാംസ് (NASAMS) തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രൈനിന് അടിയന്തരമായി ആവശ്യമാണ്'. വൊളോദിമർ സെലൻസ്കി പറഞ്ഞു.

റഷ്യൻ ആക്രമണത്തിൽ തകർന്ന വൈദ്യുതി വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ ഊർജ്ജ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷാ ഭീഷണി വലിയ തടസ്സമായി തുടരുകയാണ്. സമാധാനത്തിനുള്ള സമയപരിധി നിശ്ചയിക്കാൻ അമേരിക്ക താത്പര്യപ്പെടുമ്പോഴും റഷ്യ ആക്രമണം കടുപ്പിക്കുന്നത് ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

Tags:    
News Summary - Russia-Ukraine conflict; Peace agreement within June: Zelensky reveals US moves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.