വാഷിങ്ടൺ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെബ്രുവരി 19ന് ഗസ്സ പീസ് കൗൺസിലിന്റെ ആദ്യ യോഗം നടത്താൻ ട്രംപ് പദ്ധതിയിടുന്നുന്നതായി റിപ്പോർട്ട്.
കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി ഈ സമ്മേളനം നടക്കുമെന്നും ഗസ്സ മുനമ്പിന്റെ പുനഃർനിർമാണത്തിനായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു അന്താരാഷ്ട്ര സമ്മേളനമായി ഇത് ക്രമീകരിക്കപ്പെടുമെന്നും ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. പദ്ധതികൾ പ്രാഥമികമായി തുടരുമെന്നും മാറ്റം വന്നേക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം വെള്ളിയാഴ്ച ഡസൻ കണക്കിന് രാജ്യങ്ങളുമായി അവരുടെ നേതാക്കളെ ക്ഷണിക്കാനും യോഗത്തിനുള്ള ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ബന്ധപ്പെട്ടതായും പറയുന്നു. വാഷിങ്ടണിലെ യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലാണ് പരിപാടി നടക്കുക.
നിലവിൽ 27 അംഗങ്ങൾ ഉൾപ്പെടുന്ന ഗസ്സ പീസ് കൗൺസിലിന്റെ അധ്യക്ഷൻ ട്രംപാണ്. ഗസ്സ മുനമ്പിലെ വെടിനിർത്തൽ, ഭരണ ക്രമീകരണങ്ങൾ, പുനഃർ നിർമാണ പ്രവർത്തനങ്ങൾ എന്നിവക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഇതിന്റെ ചുമതലയായി പറയുന്നത്.
ഫെബ്രുവരി 18ന്, നിശ്ചയിച്ച കൗൺസിൽ യോഗത്തിന് ഒരു ദിവസം മുമ്പ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാഷിങ്ടൺ സന്ദർശനവും യു.എസ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഗസ്സ സമാധാന കൗൺസിലിൽ നെതന്യാഹു പങ്കെടുക്കുകയാണെങ്കിൽ, ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം അറബ്, മുസ്‍ലിം നേതാക്കളുമായുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആദ്യ പൊതുസമ്മേളനമായിരിക്കും ഇതെന്നും ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.