ബോംബ്​ തകർത്ത കെട്ടിടത്തിൽ ഉമ്മയുടെ മൃതദേഹത്തിനരികെ ജീവനോടെ അവൻ- ഗസ്സയിലെ അത്​ഭുത ശിശുവായി ഉമർ

ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ നാലുനില കെട്ടിടത്തിന്‍റെ അവശിഷ്​ടങ്ങൾക്കിടയിൽ നിന്ന്​ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തത്​ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ. കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ ജീവനറ്റ്​ കിടക്കുന്ന ഉമ്മയുടെ അരികിൽ നിന്ന്​ കണ്ടെടുത്ത ഉമറിനെ 'ഗസ്സയിലെ അത്ഭുത ശിശു' എന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്​.

ഉടൻ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ച അവനി​പ്പോൾ നഴ്​സുമാരുടെ പരിചരണത്തിൽ ആരോഗ്യവാനായി കഴിയുകയാണ്​. ബോംബേറിൽ ഉമ്മയെയും നാല്​ സഹോദരങ്ങളെയുമാണ്​ ഉമറിന്​ നഷ്​ടമായത്​. ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത്​ അവനും പിതാവ്​ മുഹമ്മദ്​ ഹദീദിയും മാത്രം.

വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ അഭയാർഥി ക്യാമ്പുകളിലൊന്നിനുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഉമറിന്‍റെ ഉമ്മ മഹയും അവന്‍റെ നാല്​ സഹോദരങ്ങളുമടക്കം പത്തുപേർ കൊല്ലപ്പെട്ടത്​. ഇവിടെയുള്ള ഒരു കുടുംബത്തിന്‍റെ അതിഥികളായി പെരുന്നാള്‍ ദിവസം എത്തിയതാണ്​ മുഹമ്മദ് ഹദീദിയും കുടുംബവും. ഗസ്സയിലെ പ്രശ്‌നങ്ങള്‍ കാരണം അവര്‍ക്ക് മടങ്ങാനായില്ല. അങ്ങനെ ആ നാലുനില കെട്ടിടത്തില്‍ തന്നെ കഴിയുന്നതിനിടെയാണ്​ വ്യോമാക്രമണമുണ്ടായത്​.


ഗസ്സയില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അഭയാർഥിക്യാമ്പുകളിൽ ഏറ്റവും അധികം പേർ താമസിക്കുന്ന കെട്ടിടമാണിത്​. യു.എന്‍ ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ അഭയാർഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ക്യാമ്പില്‍നിന്നും ആക്രമണമുണ്ടായെന്ന ഇസ്രായേലി ആരോപണം നുണയാണെന്ന്മുഹമ്മദ് ഹദീദി അന്താരാഷ്​ട്ര മാധ്യമങ്ങളോട്​ പറഞ്ഞു. 'എല്ലാവരും സുരക്ഷിതരായി കെട്ടിടത്തിൽ ഇരിക്കുകയായിരുന്നു. ഒരായുധം പോലും ആരുടെയും കയ്യിൽ ഉണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ആക്രമണം നടന്നത്​' -അദ്ദേഹം പറഞ്ഞു. ഇസ്രായേലി ആക്രമണത്തിൽ ഇതുവരെ 188 പേരാണ്​ മരിച്ചത്​. ഇതിൽ 55 പേർ കുട്ടികളാണ്​. 

Tags:    
News Summary - Little baby dug out of the rubble in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.