ഇറാനികൾ കീഴടങ്ങുന്നവരല്ല; ഭീഷണി വേണ്ടെന്ന് ഖാംനഈ, അമേരിക്കൻ ഇടപെടൽ ദോഷം ചെയ്യും

തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ ഒരു തരത്തിലുള്ള ഭീഷണിയും വേണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടൽ പരിഹരിക്കാന്‍ പറ്റാത്ത ദോഷത്തിനു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് ഖാംനഈ ലോകത്തെ അഭിസംബോധന ചെയ്തത്. ‘ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ല’, ഖാംനഈ വ്യക്തമാക്കി. ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും യു.എസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും അതറിയാവുന്നര്‍ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖാംനഈ മറുപടി നല്‍കി. അതേസമയം ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് യു.എസും ഇറാനില്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

അതിനിടെ, ഇസ്രായേലുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ ഏതൊരു ഇടപെടലും ഒരു ‘സമ്പൂർണ്ണ യുദ്ധത്തിന്’ കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ആണ് മുന്നറിയിപ്പ് നൽകിയത്. ‘ഏതെങ്കിലും അമേരിക്കൻ ഇടപെടൽ മേഖലയിൽ സമ്പൂർണ യുദ്ധത്തിനുള്ള കാരണമാകും’. ‘അറബ് രാജ്യങ്ങളുമായി തങ്ങൾക്ക് വളരെ നല്ല ബന്ധമുണ്ട്, ഇസ്രായേൽ മറ്റുള്ളവരെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവർക്ക് അറിയാം.

യു.എസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന തങ്ങളുടെ അറബ് രാജ്യങ്ങൾ അവരുടെ പ്രദേശം അയൽക്കാർക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുണ്ട്,’ അദ്ദേഹംപറഞ്ഞു​. ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് തുടക്കത്തിൽ അകലം പാലിച്ചിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് സംഘർഷത്തിൽ അമേരിക്കയുടെ കൂടുതൽ പങ്കാളിത്തത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു.

Tags:    
News Summary - Iranians are not surrendering; Khamenei says no to threats, US intervention will be harmful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.