ലണ്ടൻ: യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പിന്നിൽ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്.
ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് ഒരാൾ ജയശങ്കറിന്റെ വാഹനത്തിലേക്ക് പാഞ്ഞുകയറുകയും ഇന്ത്യൻ പതാക കീറുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സമയം ഖലിസ്ഥാൻ അനുകൂലികൾ വേദിക്ക് പുറത്ത് തടിച്ചുകൂടി ഖലിസ്ഥാൻ പതാക വീശി ജയശങ്കറിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇവർ മന്ത്രിയുടെ സംസാരം തടസ്സപ്പെടുത്താൻ ശ്രമിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് നാലു മുതൽ ഒമ്പതുവരെ യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് ജയ്‌ശങ്കർ. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളിൽ ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് യാത്ര. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. പ്രധാന ഭൗമരാഷ്ട്രീയ വിഷയങ്ങൾ, സുരക്ഷാ സഹകരണം, ഉഭയകക്ഷി വ്യാപാര കരാറുകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
മാർച്ച് ആറുമുതൽ മുതൽ ഏഴു വരെ അയർലണ്ടിലേക്ക് പോകും. ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികളുമായും ആശയവിനിമയം നടത്തും.
അതിനിടെ, മന്ത്രിക്കെതിരെ നടന്ന ഖലിസ്ഥാൻ ആക്രമണ ശ്രമം വിദേശത്തുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്കിടയിൽ സുരക്ഷാ കാര്യത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങൾ പതിവായ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനവേളയിൽ ഇന്ത്യൻ നയതന്ത്രജ്ഞർ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.