ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ 17 വർഷത്തെ വിദേശവാസത്തിനുശഷം ബംഗ്ലാദേശിൽ തിരിച്ചെത്തി; സ്വാഗതം ചെയ്ത് ഇടക്കാല ഗവൺമെന്റ്

ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബംഗ്ലാദേശ് നാഷണണൽ പാർട്ടിയുടെ ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ 17 വർഷത്തെ വിദേശവാസത്തിനുശഷം രാജ്യത്തേക്ക് തിരിച്ചെത്തി. ഷേക് ഹസീനയുടെ ഭരണം അട്ടിമറിക്ക​പ്പെട്ട ശേഷം രാജ്യത്തുണ്ടായ നിരവധി രാഷ്ട്രീയ മാറ്റങ്ങളുടെയും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പി​ന്റെയും പശ്ചാത്തലത്തിൽ താരിഖ് റഹ്മാ​ന്റെ തിരിച്ചുവരവ് രാജ്യത്ത് നിർണായകമാണ്. നിലവിലെ ഇടക്കാല ഗവൺമെന്റ് റഹ്മാ​​ന്റെ വരവിനെ സ്വാഗതം ചെയ്തു.

2008 ൽ ഖാലിദ സിയയുടെ ഭരണം ഇല്ലാതായതോടെ പല കേസുകളിലും പ്രതിയായി രാജ്യത്ത് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് താരിഖ് റഹ്മാൻ രാജ്യം വിട്ടുപോയത്. 17 വർഷത്തിനുശേഷമാണ് അദ്ദേഹത്തി​ന്റെ മടങ്ങിവരവ്. ഫെബ്രുരി 12 നാണ് രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.

ഷേക് ഹസീനയുടെ ഭരണം അവസാനിച്ചതോടെ രാജ്യത്ത് വൻതോതിലുള്ള പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഉസ്മാൻ ഹാദിയുടെ കൊലപാതകം രാജ്യത്ത് വീണ്ടും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഇതെന്ന് ഹാദിയുടെ സഹോദരൻ ആരോപിച്ചു.

റഹ്മാ​​ന്റെ മടങ്ങിവരവ് ഇടക്കാല ഗവൺമെന്റ് സ്വാഗതം ചെയ്തു. റഹ്മാൻ മടങ്ങിവരാൻ താൽപര്യം കാണിച്ചാൽ ഒരു ദിവസംകൊണ്ടു തന്നെ ട്രാവൽ പാസ് നൽകുമെന്ന്

വിദേശ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ ഈ മാസം ആദ്യം പറഞ്ഞിരുന്നു. അടുത്തസമയത്തെ ഒരു കൂടിക്കാഴ്ചയിൽ റഹ്മാന്റെ മടങ്ങിവരവ് സംബന്ധിച്ച് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു.

ഖാലിദ സിയയുടെ മൂത്ത മകനാണ് 58 കാരനായ താരിഖ് റഹ്മാൻ. 2008 മുതൽ അദ്ദേഹം ഇംഗ്ലണ്ടിൽ ജീവിക്കുകയാണ്. ഷേക് ഹസീനക്കെതിരായ കൊലപാതകശ്രമ കേസ് ഉർൾപ്പെടെ വിവിധ കേസുകൾ ഇദ്ദേഹത്തിനെതിരെ രാജ്യത്ത് ചാർജ് ചെയ്തിരുന്നു. എന്നാൽ ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം രാജ്യത്തെ ഉന്നതകോടതി അദ്ദേഹത്തെ മിക്ക കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Khaleda Zia's son Tariq Rahman returns to Bangladesh after 17 years abroad; Interim government welcomes him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.