വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നൽകി ഡെമോക്രാറ്റ് നേതാവ് കമല ഹാരിസ്. കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ എതിരാളിയായിരുന്നു ഇന്ത്യൻ വംശജയായ കമല. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് വീണ്ടും മത്സരിച്ചേക്കുമെന്ന് കമല സൂചന നൽകിയത്. ഭാവിയിൽ വൈറ്റ്ഹൗസിൽ ഒരു സ്ത്രീയുണ്ടാകുമെന്നും വീണ്ടും വൈറ്റ്ഹൗസിലെ ഉന്നത സ്ഥാനത്തേക്ക് മത്സരിച്ചേക്കാമെന്നും അവർ വ്യക്തമാക്കി. ഡെമോക്രാറ്റുകൾ തന്നെ അന്യനാട്ടുകാരിയായാണ് കാണുന്നതെന്നും അതിനാൽ സ്ഥാനാർഥിയാക്കില്ലെന്നുമുള്ള വാദങ്ങൾ അവർ തള്ളിക്കളഞ്ഞു. 2028ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായ സ്ഥാനാർഥിത്വമുണ്ടാകുമെന്ന് കമല പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസ് തീർച്ചയായും ഒരു വനിത പ്രസിഡന്റിനെ കാണും. അത് കമലയായിരിക്കുമോ എന്ന ചോദ്യത്തിനാണ് സാധ്യതയുണ്ടെന്ന് അവർ മറുപടി പറഞ്ഞത്. അക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും അവർ പറഞ്ഞു. എന്റെ മത്സരം പൂർത്തിയായിട്ടില്ലെന്നും ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിച്ച കമല പറഞ്ഞു. ട്രംപിനെ കുറിച്ചുള്ള തന്റെ മുൻധാരണകൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും യു.എസ് മുൻ വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനാരോഗ്യത്തെ തുടർന്ന് ജോ ബൈഡൻ പിൻമാറിയതിനെ തുടർന്നാണ് കമല ഹാരിസ് സ്ഥാനാർഥിയായത്. തുടക്കത്തിൽ ട്രംപിന് വ്യക്തമായ എതിരാളിയായി മാറിയ അവർക്ക് അവസാനഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.