ടോക്യോ: ഇന്ത്യയും ചൈനയും ഉൾപ്പെടെ രാജ്യങ്ങൾ ജനസംഖ്യ നിയന്ത്രണ പദ്ധതികളുമായി സജീവമാകുമ്പോൾ, ജനസംഖ്യ ഉയർത്താൻ പയറ്റിയ അടവുകളെല്ലാം ചീറ്റിപ്പോയി കൈമലർത്തുകയാണ് ഏഷ്യയിലെ സമ്പന്നരായ ജപ്പാൻ. തുടർച്ചയായി 16ാം വർഷവും ജപ്പാനിലെ ജനംസഖ്യ ഞെട്ടിക്കും വിധം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. മുൻ വർഷത്തേക്കാൾ ഒമ്പത് ലക്ഷത്തോളം പേരാണ് കുറഞ്ഞത്. 1968 മുതലുള്ള റെക്കോഡുകൾ പ്രകാരം ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നത്.
2009ലായിരുന്നു രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യ രേഖപ്പെടുത്തിയത്. 12.66 കോടി. പിന്നീടുള്ള ഓരോ വർഷവും കണ്ടത് ജനസംഖ്യ പടിപടിയായി കുറഞ്ഞു വരുന്നത്. 2024ലെ ഏറ്റവും പുതിയ കണക്കു പ്രകാരം 12.06കോടിയിലേക്ക് ജനസംഖ്യ കുറഞ്ഞു. വിദേശികൾ ഉൾപ്പെടെ ഇത് 12.43കോടിയാണ്.
ജനനനിരക്ക് വലിയ തോതിൽ കുറഞ്ഞതോടെ, മുൻവർഷത്തേക്കാൾ 908,574 പേർ കുറഞ്ഞു. 6.87 ലക്ഷം കുട്ടികൾ പിറന്നപ്പോൾ, മരണം 16 ലക്ഷത്തോളം രേഖപ്പെടുത്തി. മരണവും ജനനവും തമ്മിലെ അന്തരം 1968ന് ശേഷം ഏറ്റവും ഉയർന്ന തോതിലുമായി.
ജനസംഖ്യ വർധിപ്പിക്കാനുള്ള സർക്കാറിന്റെ വിവിധ പദ്ധതികൾ പരാജയപ്പെടുന്നുവെന്ന സൂചന നൽകുന്നതാണ് ജനനനിരക്കിലെ ഇടിവ് സൂചിപ്പിക്കുന്നത്. 2023-നെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ ഇടിവാണ് ജനന നിരക്കിലുള്ളത്. 1899 നുശേഷം ജപ്പാനിൽ ഏഴുലക്ഷത്തിൽ താഴെ കുട്ടികൾ ജനിച്ച വർഷമാണ് 2024 എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 7,58,631 കുട്ടികളായിരുന്നു ജപ്പാനിൽ ജനിച്ചത്. 2022ലേതിനെക്കാൾ 5.1 ശതമാനം കുറവ്. പ്രത്യുൽപാദന നിരക്ക് 2023ൽ 1.20 ആയിരുന്നെങ്കിൽ അത് വീണ്ടും കുറഞ്ഞ് 1.15 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യയെ സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്.
ജന നിരക്ക് വലിയ തോതിൽ കുറയുമ്പോൾ തന്നെ രാജ്യത്തെ മുതിർന്നവരുടെ എണ്ണം വർധിക്കുന്നതും സർക്കാറിനെ ആശങ്കപ്പെടുത്തുന്നു. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർ 65ന് മുകളിൽ പ്രായമുള്ളവരാണ്. 60 ശതമാനം പേരാവട്ടെ 15നും 64നും ഇടയിൽ പ്രായമുള്ളവരാണ്.
നിലവിൽ തലസ്ഥാനമായ ടോക്യോയാണ് ഏറ്റവും ജനസാന്ദ്രതയുള്ള നഗരം. 1.4കോടിയാണ് ഇവിടെ ജനസംഖ്യ. അതേസമയം, വിദേശ പൗരന്മാരുടെ സാന്നിധ്യം വർധിക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 3.67 കോടിയാണ് വിദേശികളുടെ എണ്ണം.
‘നിശ്ശബ്ദ അടിയന്തരാവസ്ഥ’ എന്നാണ് ഈ സാഹചര്യത്തെ പ്രധാനമന്ത്രി ഷിഗേരു ഇഷിബ വിശേഷിപ്പിക്കുന്നത്. ജനനനിരക്ക് വർധിപ്പിക്കുന്നതിനായി നേരത്തെ തന്നെ വിവിധ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. ശിശു അലവൻസ്, സൗജന്യ ഹൈസ്കൂൾ വിദ്യാഭ്യാസം, ദമ്പതിമാർ ഒരേസമയം പേരന്റ് ലീവ് എടുക്കുമ്പോൾ മുഴുവൻ ശമ്പളവും ലഭിക്കുമെന്ന ഉറപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതിനു പുറമെ ടോക്യോ നഗര ഭരണകൂടം പ്രഖ്യാപിച്ച പദ്ധതിയും ശ്രദ്ധേയമായിരുന്നു. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നാലായി കുറച്ചതായിരുന്നു അതിൽ പ്രധാനം. ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നു ദിവസം അവധി നൽകുന്ന നിയമം ഏപ്രിലിൽ പ്രാബല്ല്യത്തിൽ വന്നു. കുട്ടികളുടെ ജനനം, പരിപാലനം എന്നിവ കാരണം ആരുടെയും ജോലിയോ കരിയറോ നഷ്ടമാവില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഈ പദ്ധതി.
ഉയർന്ന ജീവിതച്ചെലവ്, അസ്ഥിര സമ്പദ്‌വ്യവസ്ഥയും വേതനത്തിലെ പ്രതിസന്ധിയും, പരിമിതമായ സ്ഥലസൗകര്യം, തൊഴിൽ സംസ്കാരം എന്നിവകാരണം ജപ്പാൻ വനിതകളും യുവാക്കളും വിവാഹത്തിൽ നിന്നും, പ്രത്യുൽപാദനത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.