തടവിലാക്കപ്പെട്ട സന്നദ്ധപ്രവർത്തകരെ കൈകൾ പിന്നോട്ട് കെട്ടി നിലത്തിരുത്തിയതിന്റെ ദൃശ്യങ്ങൾ

ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത സംഭവം: ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി ഫ്രാൻസും ഇറ്റലിയും; പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ

പാരീസ്: ഗസ്സയിലേക്ക് സഹായവുമായി പോയ അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഫ്ലോട്ടില്ല ഇസ്രായേൽ സൈന്യം തടയുകയും സന്നദ്ധപ്രവർത്തകരെ തടവിലാക്കുകയും ചെയ്ത സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. തടവിലാക്കപ്പെട്ടവരോടുള്ള ഇസ്രായേലിന്റെ മോശം പെരുമാറ്റത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ഇറ്റലിയും ഫ്രാൻസും ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ടും ഇസ്രായേലിന്റെ നടപടിയെ ശക്തമായി അപലപിച്ചു.

തടവിലാക്കപ്പെട്ട സന്നദ്ധപ്രവർത്തകരെ കൈകൾ പിന്നോട്ട് കെട്ടി നിലത്തിരുത്തി ഇസ്രായേൽ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ പരിഹസിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമുണ്ടായത്.

"ഇസ്രായേൽ മന്ത്രി ബെൻ-ഗ്വീറിന്റെ നടപടികൾ ഒട്ടും അംഗീകരിക്കാനാവില്ല. നിരവധി ഇറ്റാലിയൻ പൗരന്മാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് അവരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്," ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രസ്താവനയിൽ പറഞ്ഞു.

ഫ്രഞ്ച് പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ, ഇസ്രായേലിന്റേത് 'അസഹനീയമായ പെരുമാറ്റമാണെന്ന്' പോർച്ചുഗലും കുറ്റപ്പെടുത്തി. ഇസ്രായേൽ നടപടിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് ഇസ്രായേലിന്റെ ഈ നീക്കം അതിരുകടന്നതാണെന്ന് വ്യക്തമാക്കി.

തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതിലും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഒമ്പതിനായിരത്തിലധികം ഫലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തടവിലാക്കപ്പെട്ടവരിൽ 87 പേർ ജയിലിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി 'ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല' അറിയിച്ചു.

ഗസ്സയിലെ ഇസ്രായേൽ ഉപരോധം ലംഘിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഴ്ച തുർക്കിയിലെ മർമരിസ് തുറമുഖത്തുനിന്ന് പുറപ്പെട്ട 50-ലധികം കപ്പലുകളുടെ കൂട്ടത്തിലെ അവസാന കപ്പലായ 'ലിന അൽ-നബുൽസി'യും ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരുന്നു.

സൈപ്രസ് തീരത്തെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് ഇസ്രായേൽ നാവികസേന കപ്പലുകൾ വളഞ്ഞത്. കപ്പലിൽ കയറിയ സൈന്യം റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും സന്നദ്ധപ്രവർത്തകരെ ബലമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് സംഘാടകർ ആരോപിച്ചു. മൊത്തം 430 പ്രവർത്തകരെ ഇസ്രായേലിലേക്ക് മാറ്റിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ഈ യാത്ര വെറുമൊരു 'പി.ആർ സ്റ്റണ്ട്' മാത്രമാണെന്നാണ് ഇസ്രായേലിന്റെ വാദം.

അയർലൻഡ് പ്രസിഡന്റ് കാതറിൻ കോണലിയുടെ സഹോദരി ഡോ. മാർഗരറ്റ് കോണലി ഉൾപ്പെടെ 15 ഐറിഷ് പൗരന്മാരും ഒമ്പത് ഇന്തോനേഷ്യൻ പൗരന്മാരും ഇസ്രായേൽ കസ്റ്റഡിയിലുള്ളവരിൽ ഉൾപ്പെടുന്നു. ഇതിനിടെ തങ്ങളുടെ പൗരന്മാരെ അടിയന്തരമായി മോചിപ്പിക്കാൻ എല്ലാ നയതന്ത്ര ചാനലുകളും ഉപയോഗിക്കുമെന്ന് ഇന്തോനേഷ്യ വ്യക്തമാക്കി.

തുർക്കി, സ്പെയിൻ, ജോർദാൻ, പാകിസ്താൻ, ബംഗ്ലാദേശ്, ബ്രസീൽ, കൊളംബിയ, ലിബിയ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Italy, France summon Israeli envoys as Ben-Gvir taunts flotilla activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.