ഇറാനിലെത്തിയ പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വിയെ (ഇടത്) പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാൻ സ്വീകരിക്കുന്നു

യു.എസ്-ഇറാൻ കരാർ നയതന്ത്ര നീക്കം സജീവം; സമാന്തര നീക്കങ്ങളുടെ ഭാഗമായി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഈജിപ്തിൽ

ഇസ്‍ലാമാബാദ്: യു.എസും ഇറാനും ജൂണിൽ ഒപ്പുവെച്ച 60 ദിന താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിക്കാനിരിക്കെ, സമാധാന നീക്കങ്ങളിൽ പുരോഗതി തേടി പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി ഇറാനിൽ. ചൊവ്വാഴ്ച തെഹ്റാനിലെത്തിയ അദ്ദേഹം പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരുമായി സംഭാഷണം നടത്തി. കഴിഞ്ഞ മാസം പാക് മധ്യസ്ഥതയിൽ ഇറാനും യു.എസും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും യുദ്ധം തുടരുകയാണ്. ജൂണിൽ നിലവിൽവന്ന കരാറിന്റെ തുടർനടപടികളാണ് സന്ദർശന ലക്ഷ്യമെന്ന് നഖ്‍വി പറയുന്നു. പാകിസ്താൻ ഏറെയായി തുടരുന്ന മധ്യസ്ഥ നീക്കങ്ങൾ ഇതുവരെയും വിജയം കണ്ടിട്ടില്ല. എന്നാൽ, ഹുർമുസ് വിഷയത്തിൽ ഒമാനുമായി വേറിട്ട കരാർ ധാരണയായതായി കഴിഞ്ഞ ദിവസം ഇറാൻ അറിയിച്ചിരുന്നു. ഇത് അവസരമാക്കി വെടിനിർത്തൽ നടപ്പാക്കാനാകുമോ എന്നാണ് പാക് ശ്രമം.

ഹുർമുസിൽ സമ്പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്ക അവരുടെ സ്വഭാവം മാറ്റി ഇറാന്റെ നിബന്ധനകൾ പാലിക്കുംവരെ ഹുർമുസ് തുറക്കില്ലെന്ന് ഇറാനും പറയുന്നു. ഇതിന്റെ ഫലമായി ഹുർമുസ് വഴി ചരക്കുകടത്ത് സമ്പൂർണമായി നിലച്ചനിലയിലാണ്. ഇരു കൂട്ടരും കപ്പലുകൾ ആക്രമിക്കുന്നത് തുടരുമ്പോൾ, ഇറാൻ സഖ്യകക്ഷിയായ ഹൂതികൾ ചെങ്കടൽ വഴിയുള്ള കപ്പലുകളും ലക്ഷ്യമിടുകയാണ്. അതിനിടെ, സമാന്തര നീക്കങ്ങളുടെ ഭാഗമായി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ഇന്ന് ഈജിപ്തിലെത്തുന്നുണ്ട്. 15 ഇന ഗസ്സ കരാറിന്റെ രണ്ടാം ഘട്ടവും ഹുർമുസ് പ്രതിസന്ധിയും ചർച്ചയാകും.

ഇറാനുമായി ചർച്ചകൾ സംബന്ധിച്ച് സമ്പൂർണ അനിശ്ചിതത്വം തുടരുന്നതിനിടെ ആഗോള എണ്ണവില കുതിപ്പ് തുടരുകയാണ്. രണ്ടുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ ബാരലിന് 85 ഡോളറിനാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ആഗോള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് അടഞ്ഞുകിടക്കുന്നതുമൂലം പ്രതിദിനം 43 ലക്ഷം ബാരൽ എണ്ണയുടെ കുറവ് നേരിടുന്നതായി ആഗോള ഇന്ധന ഏജൻസി അറിയിച്ചു.

Tags:    
News Summary - US-Iran deal diplomatic push active; Turkish Foreign Minister Hakan Fidan in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.