ആൻഡ്രാസ് ബാക ഹംഗറി പ്രസിഡന്റായി ചുമതലയേറ്റു

ബുഡാപെസ്റ്റ്: ഹംഗറിയിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആൻഡ്രാസ് ബാക പ്രസിഡന്റ്. പാർലമെന്റിൽ നടന്ന രഹസ്യ ബാലറ്റിൽ ആറിനെതിരെ 140 വോട്ട് നേടിയാണ്, മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ബദ്ധവൈരിയായ ബാക തെരഞ്ഞെടുക്കപ്പെട്ടത്. ഓർബന്റെ ഫിഡെസ് പാർട്ടി വോട്ടെടുപ്പ് ബഹിഷ്‍കരിച്ചു. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബനെ അധികാരത്തിൽ തുടരാൻ സഹായിച്ച സംവിധാനങ്ങൾ സമ്പൂർണമായി തച്ചുടക്കുന്ന നടപടികൾ ഇപ്പോഴത്തെ പ്രധാനമന്ത്രി പീറ്റർ മഗ്യാർ തുടരുന്നതിനിടെ ബാക എത്തുന്നത് ഇതിന് വേഗം കൂട്ടും. ഓർബൻ കാലത്ത് ചുമതലയേറ്റ ഉദ്യോഗസ്ഥരെ കൂടി മാറ്റൽ സുഗമമായ ഭരണത്തിന് അനിവാര്യമാണെന്ന് മഗ്യാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഓർബൻ അനുകൂല വാർത്തകൾ നൽകിയ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ സേവനങ്ങൾ തുടങ്ങിയവ പുതിയ സർക്കാർ നിർത്തലാക്കിയിരുന്നു.

എതിരാളികളെ ഭീഷണിയുടെ മുനയിൽനിർത്തിയിരുന്ന പരമാധികാര സംരക്ഷണ ഓഫിസും അടച്ചുപൂട്ടി. സാമാജികർക്ക് പരമാവധി 12 വർഷ കാലാവധി, പ്രധാനമന്ത്രിക്ക് എട്ടു വർഷം എന്നിങ്ങനെ ചട്ടങ്ങളടക്കം നിയമപരിഷ്‍കാരങ്ങളും നടപ്പാക്കി.

2024ൽ ഓർബന്റെ പാർട്ടി നാമനിർദേശം ചെയ്ത ടാമസ് സുലിയോകിന്റെ പിൻഗാമിയായാണ് ബാക പ്രസിഡന്റ് പദവിയിൽ അവരോധിക്കപ്പെടുന്നത്. പുതിയ സർക്കാർ സുലിയോകിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ വന്നതോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ച് ഭരണഘടന ഭേദഗതി വരുത്തി പുറത്താക്കുകയായിരുന്നു. നേരത്തേ ചീഫ് ജസ്റ്റിസായിരിക്കെ ബാകയെ ഓർബൻ പുറത്താക്കിയിരുന്നു. 1991 മുതൽ 2008 വരെയാണ് അദ്ദേഹം പദവിയിൽ ഇരുന്നത്. പിന്നീട് വിർജീനിയ, കാലിഫോർണിയ അടക്കം നിരവധി വാഴ്സിറ്റികളിൽ വിസിറ്റിങ് പ്രഫസറായി സേവനം ചെയ്തുവരുകയായിരുന്നു.

പുതിയ സർക്കാർ രാജ്യത്ത് ഏകാധിപത്യ നടപടികൾ തുടരുകയാണെന്നാണ്, തുടർച്ചയായി നാലുതവണ അധികാരത്തിലിരുന്ന ഓർബന്റെ ഇപ്പോഴെത്ത ആരോപണം. ആഗസ്റ്റ് 19ന് പുതിയ പ്രസിഡന്റ് ചുമതലയേൽക്കും. രാജ്യത്ത് പ്രസിഡന്റിന് അധികാരം നാമമാത്രമാണെങ്കിലും ബില്ലുകൾ മടക്കാനാകും.

Tags:    
News Summary - Andras Baca sworn in as President of Hungary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.