സൂര്യഗ്രഹണം

30 വർഷത്തിനിടയിലെ അപൂർവ്വ സൂര്യഗ്രഹണം; യൂറോപ്പിൽ പകൽ ഇരുണ്ടു, സാക്ഷിയായി ദശലക്ഷങ്ങൾ

ലണ്ടൻ: യൂറോപ്പിലും ബ്രിട്ടനിലും അപൂർവ്വ സൂര്യഗ്രഹണം ദൃശ്യമായി. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മനോഹരവും അപൂർവ്വവുമായ ഈ ആകാശക്കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. യു.കെയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും 90 ശതമാനത്തിലധികം സൂര്യൻ ചന്ദ്രനാൽ മറക്കപ്പെട്ട ഭാഗിക ഗ്രഹണമാണ് ദൃശ്യമായത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഗ്രഹണം അതിന്റെ പരമാവധി ഘട്ടത്തിലെത്തിയത്.

അതേസമയം, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്പെയിൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണമാണ് ദൃശ്യമായത്. സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് ആകാശം പെട്ടെന്ന് ഇരുളടയുന്ന ദൃശ്യവിരുന്നിനാണ് ഈ പ്രദേശങ്ങൾ സാക്ഷ്യം വഹിച്ചത്. റഷ്യയിലെ സൈബീരിയയുടെ വടക്കൻ അറ്റത്ത് നിന്ന് ആരംഭിച്ച ഗ്രഹണ പാത ആർട്ടിക് സമുദ്രം കടന്ന് വൈകുന്നേരത്തോടെ ഐസ്‌ലാൻഡിലും തുടർന്ന് തെക്കോട്ട് യു.കെയിലേക്കും സ്പെയിനിലേക്കും വ്യാപിക്കുകയായിരുന്നു. യു.കെയിൽ സ്കോട്ട്‌ലൻഡിൽ വൈകുന്നേരം 6 മണിയോടെയും ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിൽ 6.20ഓടെയുമാണ് ഭാഗിക ഗ്രഹണം പ്രകടമായിത്തുടങ്ങിയത്.

മധ്യ, തെക്കൻ ഇംഗ്ലണ്ടിലും വെയ്‌ൽസിലും തെളിഞ്ഞ ആകാശമായിരുന്നതിനാൽ ആളുകൾക്ക് ഗ്രഹണം വ്യക്തമായി കാണാൻ സാധിച്ചു. എന്നാൽ വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നെങ്കിലും അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ വലിയ ജനക്കൂട്ടം രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിൽ തടിച്ചുകൂടി. ഗ്രഹണം കാണാനുള്ള പ്രത്യേക സോളാർ ഗ്ലാസുകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടത്. ഒപ്റ്റിക്കൽ ഷോപ്പുകളിലും ഹാർഡ്‌വെയർ കടകളിലും ബേക്കറികളിലും വരെ ഗ്ലാസുകൾ മിനിറ്റുകൾക്കകം വിറ്റഴിഞ്ഞു. ഗ്ലാസ് ലഭിക്കാത്തവർ അരിപ്പകളും കാർഡ്ബോർഡ് പെട്ടികളും മറ്റും ഉപയോഗിച്ച് സുരക്ഷിതമായി ഗ്രഹണം കാണാൻ പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെ വടക്കൻ സ്പെയിനിലെത്തിയ പൂർണ്ണ സൂര്യഗ്രഹണം ജനങ്ങളെ അമ്പരപ്പിച്ചു. വലിയ പൊലീസ് സന്നാഹമാണ് രാജ്യത്ത് സുരക്ഷക്കായി ഒരുക്കിയിരുന്നത്. പ്രകൃതിഭംഗിയുള്ള ഗ്രാമീണ മേഖലകളിൽ ഗ്രഹണം കാണാനായി പ്രത്യേക കേന്ദ്രങ്ങളും അധികൃതർ സജ്ജമാക്കിയിരുന്നു. വടക്കൻ സ്പെയിനിലേക്കും ബലേറിക് ദ്വീപുകളിലേക്കുമായി ഏകദേശം 60 ലക്ഷത്തോളം വിനോദസഞ്ചാരികൾ എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 ഭൂമിയിൽ 18 മാസത്തിലൊരിക്കൽ പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകാറുണ്ടെങ്കിലും, ഒരു നിശ്ചിത പ്രദേശത്ത് വീണ്ടും പൂർണ്ണ ഗ്രഹണം ദൃശ്യമാകാൻ സാധാരണയായി 400 വർഷത്തോളമെടുക്കും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യൻ ചന്ദ്രനേക്കാൾ 400 മടങ്ങ് വലുതാണെങ്കിലും, ചന്ദ്രനേക്കാൾ 400 മടങ്ങ് അകലെയായതിനാലാണ് ആകാശത്ത് രണ്ടും ഒരേ വലുപ്പത്തിൽ അനുഭവപ്പെടുന്നത്. ഈ യാദൃശ്ചികതയാണ് ഭൂമിയിൽ പൂർണ്ണ സൂര്യഗ്രഹണത്തിന് കാരണമാകുന്നത്.

 

Tags:    
News Summary - Rare Solar Eclipse Sweeps Across UK and Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.