ഐ.സി.ഇ ഉദ്യോഗസ്ഥർ

തൊട്ടാൽ തളർന്നു വീഴും! കുടിയേറ്റക്കാരെ പിടികൂടാൻ 'ഇലക്ട്രിക് ഷോക്ക് ഗ്ലൗസ്' പദ്ധതിയുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഉദ്യോഗസ്ഥർക്ക് വൈദ്യൂതാഘാതം ഏൽപ്പിക്കാൻ ശേഷിയുള്ള പ്രത്യേക കൈയുറകൾ നൽകാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കാനാണ് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ തീരുമാനം. 2027 മാർച്ച് മാസത്തോടെ 10 ദശലക്ഷം മുതൽ 20 ദശലക്ഷം ഡോളർ വരെ (ഏകദേശം 83 കോടി മുതൽ 165 കോടി രൂപ വരെ) ഈ പദ്ധതിക്കായി വിനിയോഗിക്കുമെന്ന് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

'സി.ടി-ജി5 ഗ്ലോവ്' (CT-G5 G.L.O.V.E.) എന്നറിയപ്പെടുന്ന ഈ ഉപകരണങ്ങൾ നിലവിൽ അമേരിക്കയിലെ ചില ജയിലുകളിലും പൊലീസ് ഡിപ്പാർട്ട്‌മെന്റുകളിലും ഉപയോഗിച്ചുവരുന്നുണ്ട്. വ്യക്തിയുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ ചെറിയ തോതിലുള്ള വൈദ്യൂതാഘാതം നൽകി തൽക്കാലത്തേക്ക് തളർത്തുകയാണ് ഇവയുടെ പ്രവർത്തനരീതി. പരമാവധി 380 വോൾട്ട് വരെ വൈദ്യുതി പ്രവഹിപ്പിക്കാൻ ശേഷിയുള്ള ഈ കൈയുറകൾക്ക്, വ്യക്തികളുടെ പേശീചലനങ്ങളെ പെട്ടെന്ന് പ്രതിരോധിക്കാനും അവരെ എളുപ്പത്തിൽ കീഴടക്കാനും സാധിക്കുമെന്ന് നിർമാതാക്കളായ 'കംപ്ലയന്റ് ടെക്നോളജീസ്' അവകാശപ്പെടുന്നുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തൽ നടപടികൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ഇ വിഭാഗത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥർക്കായിരിക്കും ഇവ നൽകുക. എന്നാൽ, വംശീയ അധിക്ഷേപവും അമിത ബലപ്രയോഗവും നടത്തുന്നുവെന്ന ആരോപണം നേരിടുന്ന ഐ.സി.ഇ ഉദ്യോഗസ്ഥർക്ക് ഇത്തരം ഉപകരണങ്ങൾ നൽകുന്നത് വലിയ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഈ വർഷം മാത്രം ഐ.സി.ഇ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ വെടിയേറ്റു മരിക്കുകയും, നിരവധി പേർ തടങ്കൽ കേന്ദ്രങ്ങളിൽ മരണപ്പെടുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മനുഷ്യാവകാശ സംഘടനകളും കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാഷണൽ ഇമിഗ്രേഷൻ ലോ സെന്റർ പ്രസിഡന്റ് കിക മാത്തോസ് ഈ നീക്കത്തെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമെന്നാണ് വിശേഷിപ്പിച്ചത്. കുടിയേറ്റക്കാരെയും പ്രതിഷേധക്കാരെയും പീഡിപ്പിക്കാൻ ഈ കൈയുറകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഭരണകൂടം നൽകുന്ന ഭീമമായ ഫണ്ട് ഉപയോഗിച്ച് ഏജൻസി പുതിയ പീഡനമുറകൾ കണ്ടുപിടിക്കുകയാണെന്നും അവർ ആരോപിച്ചു.

അതേസമയം, കരാറിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ കമ്പനി സി.ഇ.ഒ ജെഫ് നിക്ലോസ് തയാറായില്ല. എന്നാൽ, തങ്ങളുടെ ഉപകരണം ജീവന് ഹാനികരമല്ലെന്നും മറ്റ് ആയുധങ്ങളെ അപേക്ഷിച്ച് സുരക്ഷിതമാണെന്നുമാണ് കമ്പനിയുടെ വാദം. എങ്കിലും ഗർഭിണികൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് നേരെ ഇത് ഉപയോഗിക്കരുതെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇ ടെൻഡർ ഇല്ലാതെ നേരിട്ട് നൽകുന്ന ഈ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന. 

Tags:    
News Summary - US immigration agency plans to buy electric shock gloves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.