‘അമേരിക്കൻ പൗരത്വം വിൽപനക്കുള്ളതല്ല’:ബർത്ത് ടൂറിസത്തിനെതിരെ യു.എസ് നടപടി കടുപ്പിക്കുന്നു; 600ലധികം വിസകൾ റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കൻ പൗരത്വം വിൽപനക്കുള്ളതല്ലെന്ന് വ്യക്തമാക്കി വിദേശികളുടെ 'ബർത്ത് ടൂറിസം' തടയാൻ കർശന നടപടികളുമായി യു.എസ് ഭരണകൂടം. കഴിഞ്ഞ ഒരു മാസത്തിനിടെ ബർത്ത് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ആഗോള ശൃംഖലകളെ ലക്ഷ്യമിട്ട് 600 ലധികം വിദേശികളുടെ വിസകൾ റദ്ദാക്കിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. വിസ, ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക 'ബർത്ത് ടൂറിസം പ്രിവൻഷൻ ടാസ്‌ക് ഫോഴ്‌സ്' രൂപീകരിച്ചിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയുമായി ചേർന്നാണ് ഈ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുന്നത്. ആഗോളതലത്തിൽ വിസ ഉടമകളുടെ യാത്രാ വിവരങ്ങളും മുൻകാല ചരിത്രവും അപേക്ഷാരേഖകളും സമഗ്രമായി പരിശോധിച്ച ശേഷമാണ് വിസകൾ റദ്ദാക്കുന്നതിലേക്ക് അധികൃതർ കടന്നത്.

യു.എസ് ഭരണഘടനയുടെ 14 ആം ഭേദഗതി പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും (വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾ ഒഴികെ) സ്വമേധയാ അമേരിക്കൻ പൗരത്വം ലഭിക്കുമായിരുന്നു.ഇത്തരം ബർത്ത് ടൂറിസം ഏജൻസികൾ വിദേശ രാജ്യങ്ങളിലുള്ള ഗർഭിണികൾക്ക് വിസ അഭിമുഖങ്ങളിൽ എങ്ങനെ കള്ളം പറയണമെന്നും, യാത്രാ സൗകര്യങ്ങളും താമസവും ആശുപത്രി സജ്ജീകരണങ്ങളും എങ്ങനെ ഒരുക്കണമെന്നും പരിശീലനം നൽകാറുണ്ട്. പലപ്പോഴും ഇതിനായി വ്യാജ രേഖകൾ വരെ നിർമ്മിച്ച് നൽകുന്നതായി സ്റ്റേറ്റ് സെക്രട്ടറി കുറ്റപ്പെടുത്തി. ഇത്തരം സംഘങ്ങൾ അമേരിക്കൻ നിയമ സംവിധാനത്തെയും ഇമിഗ്രേഷൻ രീതികളെയും ചൂഷണം ചെയ്ത് വൻതോതിൽ പണം സമ്പാദിക്കുകയാണെന്നും, ഇത് രാജ്യത്തിന്റെ നിയമവാഴ്ചക്ക് ഭീഷണിയാണെന്നും റൂബിയോ ചൂണ്ടിക്കാട്ടി.

അമേരിക്കൻ വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യം മാത്രമാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിലപാട്. യാത്രാ ഉദ്ദേശം മറച്ചുവെക്കുകയോ വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന വിദേശികൾക്ക് ഭാവിയിൽ എന്നെന്നേക്കുമായി അമേരിക്കയിലേക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വരുമെന്നും, വരും ദിവസങ്ങളിലും ആഗോളതലത്തിൽ തന്നെ പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - US Cracks Down on Birth Tourism: Over 600 Visas Revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.