ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന ബോർഡിൽ പങ്കുചേരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതായി റിപ്പോർട്ട്. ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് സമാധാന ബോർഡ് പ്രഖ്യാപിച്ചത്. നിലവിൽ ബോർഡിൽ പങ്കാളികളാവാൻ നിരവധി രാജ്യങ്ങളെ ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്.
ഇതോടെ ഇസ്രായേൽ, യു.എ.ഇ, മൊറോക്കോ, വിയറ്റ്നാം, കസാഖ്സ്ഥാൻ, ഹംഗറി, അർജന്റീന, ബലറൂസ് എന്നീ എട്ട് രാജ്യങ്ങളാണ് ബോർഡിൽ പങ്കാളികളായിട്ടുള്ളത്. ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ബോർഡിന് കഴിയുമെന്നാണ് ട്രംപ് അഭിപ്രായപ്പെടുന്നത്. യു.എൻ രക്ഷാസമിതിക്ക് ബദലായി സമിതി പ്രവർത്തിക്കുമെന്ന സൂചനയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
സമിതിയിലെ അംഗ രാജ്യങ്ങളുടെ പട്ടിക അമേരിക്ക അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നാണ് സൂചന. ഗസ്സ സമാധാന കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്ന നിർവാഹക സമിതിയുടെ മേൽനോട്ടം ബോർഡിനായിരിക്കും. അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗസ്സയുടെ പുനർനിർമാണം തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.
ഏകദേശം 9,100 കോടി രൂപ നൽകിയാൽ ബോർഡിൽ സ്ഥിരാംഗത്വം നേടാം. ഗസ്സയുടെ പുനർനിർമാണത്തിനാണ് ഈ തുക ചെലവിടുകയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മൂന്നുവർഷത്തെ അംഗത്വത്തിന് സംഭാവന നൽകേണ്ടതില്ല. ഗസ്സയുടെ പുനർനിർമാണത്തിന് 4.82 ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. അതേസമയം, സമാധാന ബോർഡ് ഇസ്രായേലിന് ഗുണകരമല്ലെന്നും അത് പിരിച്ചുവിടണമെന്നും ഇസ്രായേലിലെ തീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞിരുന്നു.
സമാധാന ബോർഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശെരീഫ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടങ്ങിയവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കൂടാതെ ബ്രിട്ടൻ, സ്ലൊവേനിയ, തായ്ലൻഡ്, തുർക്കിയ തുടങ്ങിയ രാജ്യങ്ങൾക്കും ബോർഡിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിൽ തൽക്കാലം ബോർഡിൽ ചേരേണ്ടതില്ലെന്നാണ് ഫ്രാൻസിന്റെ തീരുമാനം. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ തന്നെ അധികാരത്തിൽനിന്ന് പുറത്താകാൻ പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ആർക്കും ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.