ഹുർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകളും ചരക്ക് കപ്പലുകളും നിരന്നുകിടക്കുമ്പോൾ ഒരാൾ കരയിലൂടെ നടക്കുന്നു (AP Photo/Altaf Qadri, file)

ഹുർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ; യു.എസ് യുദ്ധക്കപ്പലുകൾക്ക് പ്രവേശനമില്ലെന്ന് മുഹ്സിൻ റെസായി

തെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പശ്ചിമേഷ്യയിലെ സുരക്ഷ സാഹചര്യങ്ങൾ വഷളാകാൻ കാരണം അമേരിക്കയുടെ സാന്നിധ്യമാണെന്നും, മേഖലയിൽനിന്ന് യു.എസ് സേന പിന്മാറാതെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും മുതിർന്ന നേതാവ് മുഹ്സിൻ റെസായി വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട അലി ശാംഖാനിയുടെ സംസ്കാര ചടങ്ങിൽ സംസാരിക്കവെയാണ് റെസായി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 50 വർഷമായി മേഖലയിലെ അരക്ഷിതാവസ്ഥക്ക് പ്രധാന കാരണം യു.എസ് സൈന്യത്തിന്റെ സാന്നിധ്യമാണ്. അതിനാൽ പേർഷ്യൻ ഗൾഫിലെ യു.എസ് ഇടപെടൽ അവസാനിപ്പിക്കണമെന്നും, ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനും ഒമാനും അടക്കമുള്ള പ്രാദേശിക രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ഭീകരാക്രമണങ്ങൾ മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണമായും നഷ്ടപരിഹാരം നൽകണമെന്നും, മേഖലയിൽ നിന്നുള്ള യു.എസ് പിന്മാറ്റം ഉറപ്പുവരുത്തണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ തിരിച്ചടി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ഇറാന്റെ നിലപാട്.

യുദ്ധത്തിൽ ഇറാൻ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും വിജയിച്ചുവെന്ന് റെസായി അവകാശപ്പെട്ടു. അമേരിക്കയുടെ സാങ്കേതിക മേധാവിത്വത്തെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും വെല്ലുവിളിക്കാൻ ഇറാനായെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില കുറക്കാനായി അമേരിക്ക സ്വന്തം തന്ത്രപ്രധാന കരുതൽ ശേഖരത്തിൽനിന്ന് എണ്ണ വിപണിയിലിറക്കിയത് അവരുടെ സാമ്പത്തിക സമ്മർദത്തിന്റെ തെളിവാണ്. ഈ നടപടി ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നും, താമസിയാതെ എണ്ണവില കുതിച്ചുയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Iran seizes control of Strait of Hormuz; US warships have no access, says Mohsen Rezaee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 04:33 GMT