ഇറാന്റെ വനിതാ ഫുട്ബാൾ ടീം

‘തുറന്ന കൈകളുമായി ഞങ്ങൾ കാത്തിരിക്കുന്നു...’; ഇറാന്റെ സ്വാഗതം സ്വീകരിച്ച് മൂന്ന് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്

സിഡ്‌നി: ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും ഇറാൻ ഭരണകൂടത്തിന്റെ സ്വാഗതം സ്വീകരിച്ച് വനിതാ ഫുട്ബാൾ താരങ്ങൾ നാട്ടിലേക്ക്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ആസ്‌ട്രേലിയയിൽ അഭയം തേടിയ ഇറാൻ വനിതാ ഫുട്ബാൾ ടീമിലെ മൂന്ന് അംഗങ്ങളാണ് തീരുമാനം മാറ്റി നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് താരങ്ങൾക്കാണ് താൽക്കാലിക ‘മാനുഷിക വിസ’ ആസ്‌ട്രേലിയ അനുവദിച്ചത്. താരങ്ങളുടെ അഭ്യർഥന പ്രകാരമായിരുന്നു നടപടി.

ഏഷ്യൻ കപ്പിനായി ആസ്‌ട്രേലിയയിലെത്തിയ ടീമംഗങ്ങൾ ആദ്യ മത്സരത്തിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ ഇവരെ 'യുദ്ധകാലത്തെ രാജ്യദ്രോഹികൾ' എന്ന് വിശേഷിപ്പിക്കുകയും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴ് പേർ ഓസ്ട്രേലിയയിൽ അഭയം തേടിയത്. എന്നാൽ, ഇതിൽ മൂന്ന് പേർ നാട്ടിലേക്ക് മടങ്ങുന്നതോടെ നാല് പേർ മാത്രമാകും ആസ്‌ട്രേലിയയിൽ തുടരുന്നത്.

അഭയം തേടിയവർക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ആസ്ട്രേലിയൻ സർക്കാർ എല്ലാവിധ സഹായങ്ങളും നൽകിയിരുന്നതായി ആഭ്യന്തര മന്ത്രി ടോണി ബർക്ക് അറിയിച്ചു. 'ഇറാൻ വനിതാ ടീം അംഗങ്ങൾക്ക് സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം ഞങ്ങൾ നൽകിയിരുന്നു. എന്നാൽ, വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഇവർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്', അദ്ദേഹം പറഞ്ഞു. ആർക്കും മുകളിൽ സമ്മർദ്ദമില്ലെന്നും, സ്വന്തം തീരുമാനപ്രകാരമാണ് ഇവർ മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബാൾ താരങ്ങളുടെ ഈ തീരുമാനത്തെ ഇറാനിയൻ അധികൃതർ സ്വാഗതം ചെയ്തു. 'ദേശീയ അഭിമാനവും രാജ്യസ്‌നേഹവും ശത്രുക്കളുടെ പദ്ധതികളെ പരാജയപ്പെടുത്തി', എന്ന് ഇറാന്റെ കായിക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ, താരങ്ങൾ തിരിച്ചെത്തുന്നത് അവരെ 'രാജ്യദ്രോഹികൾ' എന്ന് വിളിച്ചവർക്കുള്ള മറുപടിയാണെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലേഷ്യയിലെ ക്വാലാലംപുരിലെത്തുന്ന താരങ്ങൾ അവിടെനിന്ന് നാട്ടിലേക്ക് മടങ്ങും.

Tags:    
News Summary - Three female football players return home after receiving a warm welcome from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.