ഇറാഖിൽ യു.എസ് വിമാനം തകർന്ന് കൊല്ലപ്പെട്ട സൈനികർ

ഇറാഖിൽ തകർന്ന് വീണ യു.എസ് സൈനിക വിമാനത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരെയും തിരിച്ചറിഞ്ഞു

വാഷിങ്ടൺ: ഇറാഖിൽ തകർന്നുവീണ യു.എസ് വ്യോമസേനയുടെ കെസി-135 (KC-135) ഏരിയൽ റീഫ്യൂവലിങ് ടാങ്കറിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എസ് പ്രതിരോധ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനെതിരായ യു.എസ് സൈനിക ഓപ്പറേഷനുകൾക്ക് പിന്തുണ നൽകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും, ഇത് ശത്രുപക്ഷത്തുനിന്നോ സൗഹൃദസേനയിൽ നിന്നോ ഉണ്ടായ വെടിവെപ്പ് മൂലമല്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

രണ്ട് റീഫ്യൂവലിങ് ടാങ്കർ വിമാനങ്ങളായിരുന്നു ഇറാനെതിരെ ആക്രമണം നടത്തുന്ന യു.എസ് യുദ്ധ വിമാനങ്ങൾക്ക് ഇന്ധനം നിറക്കാൻ ഇറാഖിൽ എത്തിയത്. ഒരെണ്ണം ലാൻഡിങ് കൃത്യമായി നിർവഹിക്കുകയും മറ്റൊരെണ്ണം തകർന്ന് വീഴുകയുമായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

യു.എസ് സേനയുടെ റീഫ്യൂവലിങ് വിമാനം തകർന്ന് വീണിട്ട് ആറ് സൈനികരാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയിലെ മക്ഡിൽ എയർ ഫോഴ്സ് ബേസിലെ സൈനികരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. യു.എസിലെ അലബാമയിലെ ഓബേൺ സ്വദേശി മേജർ ജോൺ എ. ക്ലിന്നർ (33), വാഷിങ്ടൺ സ്വദേശി ക്യാപ്റ്റൻ ഏരിയാന ജി. സാവിനോ (31), റിക്കൻബാക്കർ എയർ നാഷണൽ ഗാർഡ് ബേസ് ടെക്നിക്കൽ സർജന്റ് ആഷ്‌ലി ബി. പ്രൂയിറ്റ് (34), ക്യാപ്റ്റൻ സേത്ത് ആർ. കോവൽ (38), ക്യാപ്റ്റൻ കർട്ടിസ് ജെ. ആങ്സ്റ്റ് (30), ടെക്നിക്കൽ സർജന്റ് ടൈലർ എച്ച്. സിമ്മൺസ് (28) എന്നിവരാണ് കൊല്ലപ്പെട്ടവർ.

അപകടം നടന്ന പ്രദേശം ഇറാൻ അനുകൂല അർദ്ധസൈന്യത്തിന്റെ സ്വാധീനത്തിലുള്ളതാണ്. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അനുകൂല സംഘടനയായ 'ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' അവകാശപ്പെട്ടെങ്കിലും, അമേരിക്കൻ സൈന്യം ഇത് തള്ളിക്കളഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതുമുതൽ അമേരിക്കക്ക് നഷ്ട്ടപ്പെടുന്ന നാലാമത്തെ വിമാനമാണിത്. ഈ മാസം ആദ്യം കുവൈറ്റിന് മുകളിൽ വെച്ച് മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. കുവൈറ്റ് സൈന്യം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്നാണ് യു.എസ് സൈന്യം പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ സൈനികരെല്ലാം സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. ഇറാനുമായുള്ള സംഘർഷത്തിൽ ഇതുവരെ ഏഴ് അമേരിക്കൻ സൈനികരാണ് കൊല്ലപ്പെട്ടത്.

1950 കളിലും 1960 കളുടെ തുടക്കത്തിലും യു.എസ് സൈന്യത്തിനായി ബോയിങ് കമ്പനി നിർമിച്ചിട്ടുള്ള വിമാനമാണ് കെസി-135. യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് നിന്നും ഇന്ധനം നിറക്കാൻ സാധിക്കുന്ന ഇത്തരം വിമാനങ്ങൾ ഒന്നാം ഗൾഫ് യുദ്ധത്തിൽ വ്യാപകമായി യു.എസ് സൈന്യം ഉപയോഗിച്ചിരുന്നു.

Tags:    
News Summary - US military plane crashes in Iraq; Six soldiers killed identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 04:33 GMT