ഹമാസിനെതിരെ ഇസ്രായേൽ വളർത്തുന്ന സായുധ സംഘാംഗവും അവരുടെ പ്രവർത്തനങ്ങളും (സ്കൈ ന്യൂസ് പുറത്തുവിട്ട ചിത്രം)
രണ്ടുവർഷത്തെ സമാനതയില്ലാത്ത ആക്രമണം നടത്തിയിട്ടും ഹമാസിനെ തീർത്തും ഇല്ലാതാക്കാൻ സാധിക്കാതെ വന്നപ്പോൾ, ഗസ്സക്കുള്ളിൽ കൂലിപ്പടയെ വെച്ച് ചെറുത്തുനിൽപ് പ്രസ്ഥാനത്തെ എതിരിടാനുള്ള ഇസ്രായേൽ നിഗൂഢ പദ്ധതി പുറത്ത്. യുദ്ധാനന്തരം വളഞ്ഞ വഴിയിലൂടെ ഗസ്സയിൽ പിടിമുറുക്കുക കൂടി ലക്ഷ്യമിട്ട്, ചില സായുധ ഗ്രൂപ്പുകളെ പണവും ആയുധവും സന്നാഹങ്ങളും നൽകി വളർത്തുന്ന പദ്ധതി സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കരാറിന്റെ ഭാഗമായി ഹമാസ് മുഖ്യധാരയിൽ നിന്ന് പിന്മാറുകയും രാജ്യാന്തര സംവിധാനം ഭരണത്തിലേക്ക് വരികയും ചെയ്യുമ്പോൾ താഴെതട്ടിൽ സ്വാധീനമുറപ്പിക്കുകയും ഇസ്രായേലിന്റെ ലക്ഷ്യമാണ്.
താൽക്കാലികമായി ഹമാസ് കളംവിട്ടാലും അടിത്തട്ടിൽ അവരുടെ സ്വാധീനം എന്തായാലും തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ കണക്കുകൂട്ടുന്നു. അഭയാർഥി ക്യാമ്പുകളിലും നിരത്തുകളിലും മറ്റിടങ്ങളിലുമെല്ലാം ഹമാസിന്റെ സാന്നിധ്യം നിലനിൽക്കും. പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന ഭരണക്രമത്തിനൊന്നും സമൂഹത്തിലുള്ള ഹമാസിന്റെ നിലയെ തകർക്കാനുമാകില്ല. ഈ മേൽക്കൈ പൊളിക്കുകയാണ് ലക്ഷ്യം.
കൊള്ളസംഘത്തെ വളർത്തുന്നു
ഹമാസിനെ അവരുടെ മടയിൽ നേരിടാൻ ശേഷിയുള്ള സായുധ സംഘങ്ങളെ ഇസ്രായേൽ വളർത്തിയെടുക്കുന്നതായി സ്കൈ ന്യൂസ് കഴിഞ്ഞദിവസം പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് വെളിപ്പെടുത്തുന്നത്. മുൻ കൊള്ളക്കാരുടെ ഒരു ഗ്യാങ്ങിനെയാണ് ഇസ്രായേൽ വിലക്കെടുത്തിരിക്കുന്നത്. യാസർ അബുശബാബ് എന്നയാൾ നേതൃത്വം നൽകുന്ന ഈ സംഘത്തിന് ഇസ്രായേൽ പണവും ആയുധവും നൽകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
സ്കൈ ന്യൂസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം യു.എസ് ഫണ്ടിങ്ങിൽ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ്) മറവിൽ അബുശബാബിന്റെ സംഘത്തിന് സഹായം നൽകുന്നെന്നാണ് കണ്ടെത്തൽ. വൻതോതിൽ പണവും തോക്കുകളും വാഹനങ്ങളും ഈ ചാനൽ വഴി ഐ.ഡി.എഫ് ഇവർക്കെത്തിച്ചുനൽകുന്നു.
സായുധ ഗ്യാങ്ങിനെ അഴിച്ചുവിടുന്നു
യുദ്ധാനന്തരം ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇസ്രായേൽ പയറ്റുന്നതെന്നാണ് ആക്ഷേപം. വടക്കൻ ഗസ്സയോളം നാശം സംഭവിക്കാത്ത തെക്കൻ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ ഈ സംഘം പ്രവർത്തിക്കുന്നത്. ഗസ്സക്കാർ പട്ടിണി കിടക്കുമ്പോൾ ഈ സംഘത്തിനും അവർ നിയന്ത്രിക്കുന്ന പ്രദേശത്തും കൃത്യമായി ഭക്ഷണവും വൈദ്യസഹായവുമൊക്കെ ലഭിക്കുന്നു. നിലവിൽ ചെറിയൊരു പ്രദേശത്താണ് അവരുടെ സ്വാധീനമുള്ളത്. ഇസ്രായേലിൽ നിന്നുള്ള അതിർത്തി കവാടമായ കരെം ഷലോമിൽ (കരീം അബു സലിം) നിന്ന് ഗസ്സയിലേക്ക് ട്രക്കുകൾ വരുന്ന വഴിയിലാണ് ഈ പ്രദേശം. ട്രക്കുകൾ കൊള്ളയടിക്കാനും ഒരു പരിധിവരെ സഹായ വിതരണത്തെ നിയന്ത്രിക്കാനും നിലവിൽ ഇവർക്ക് കഴിയുന്നതും ഈ പ്രദേശത്തിന്റെ തന്ത്രപ്രധാനമായ കിടപ്പ് കാരണമാണ്.
ഇവിടെ സ്കൂളും പള്ളിയും വരെ പ്രവർത്തിക്കുന്നു. ഏതാണ്ട് 1500 പേരാണ് ഇവിടെയുള്ളത്. അതിൽ 500-700 പേർ സായുധരാണ്. സംഘം അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റ് കാമ്പയിനെ തുടർന്ന് എത്തിയവരാണ് ബഹുഭൂരിപക്ഷവും. ഭക്ഷണവും കാശും സുരക്ഷയും ലഭിക്കുന്നത് കാരണം ഇവർക്കൊപ്പം കൂടിയതാണ് മിക്കവരും. ഗസ്സയിലെങ്ങുമായി 3000 ത്തോളം പേർ ഈ സംഘത്തിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇവർ ഭക്ഷണവും മറ്റുമായി വരുന്ന ട്രക്കുകൾ കൊള്ളയടിക്കുന്നതായി ഏതാനും മാസങ്ങൾക്കുമുമ്പ് യു.എന്നിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. സിഗരറ്റ് കടത്താണ് സംഘത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. നിലവിൽ ഗസ്സയിലേക്ക് പുകയില ഉൽപന്നങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ വൻ വിലയാണ് സിഗരറ്റിന്. ചിലയിടങ്ങളിൽ ഒരൊറ്റ സിഗരറ്റിന് 20 ഡോളർ വരെ ഈടാക്കിയതായി സ്കൈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
ഹമാസിനെ ഒറ്റപ്പെടുത്താൻ
സ്കൈ ന്യൂസിനോട് സംസാരിച്ച ഒരു ഐ.ഡി.എഫ് സൈനികൻ, തങ്ങൾ യാസർ അബുശബാബിന്റെ സംഘത്തെ സഹായിക്കുന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്: ‘‘ഇസ്രായേൽ അയാളെ സഹായിക്കുകയാണ്. ഗ്രനേഡുകൾ കൊടുക്കുന്നു. പണം നൽകുന്നു. പിന്നെ, വാഹനങ്ങളും ഭക്ഷണവും. അങ്ങനെ അവർക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ നൽകുന്നു’’. സംഘം ടിക്ടോകിൽ പങ്കുവെച്ച വിഡിയോകളിൽ അവരുടെ പക്കലുള്ള നീണ്ട വാഹനനിര കാണാം. പലതിനും ഇസ്രായേലി ലൈസൻസ് പ്ലേറ്റാണുള്ളത്.
ഈ സംഘവും ഇസ്രായേലി വ്യോമസേനയും മറ്റ് ഹമാസ് വിരുദ്ധ ഗ്രൂപ്പുകളും സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 13ന് റഫയിൽ ഈ സംഘത്തിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണമുണ്ടായ വീട് തൊട്ടടുത്ത ദിവസം ഇസ്രായേൽ ബോംബിട്ട് തകർത്ത് പകരം വീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.