വെസ്റ്റ് ബാങ്കിൽ ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ ആക്രമിക്കുന്ന ജൂതകുടിയേറ്റക്കാർ
ഗസ്സ: വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബാലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡസൻ കണക്കിനാളുകൾക്ക് പരിക്കേറ്റു. 1,00,000ലധികം ആളുകൾ താമസിക്കുന്ന ജബലിയ ക്യാമ്പിൽ രാത്രിയിൽ കനത്ത ബോംബാക്രമണം നടത്തി. തുടർന്ന് ഇസ്രായേലി ടാങ്കുകൾ പ്രവേശിക്കുകയായിരുന്നു.
പരിക്കേറ്റവരെ കൊണ്ടുപോകാൻ ശ്രമിച്ച ആംബുലൻസുകൾക്ക് നേരെയും സൈന്യം വെടിയുതിർത്തു. വീടുകൾ നശിപ്പിച്ചതായും താമസക്കാർ പറഞ്ഞു.
തങ്ങളുടെ സൈനികശേഷി പുനഃസ്ഥാപിക്കാനുള്ള ഹമാസിന്റെ ശ്രമങ്ങൾ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
അതിനിടെ റഫയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളും എസ്.എം.എസ് സന്ദേശങ്ങളും ഫലസ്തീനികൾക്ക് ലഭിച്ചു. ഇസ്രായേൽ മുന്നറിയിപ്പിനെത്തുടർന്ന് 3,50,000 ഫലസ്തീനികൾ റഫയിൽനിന്ന് കഴിഞ്ഞയാഴ്ച പലായനം ചെയ്തിരുന്നു.
ആശുപത്രികളിലും ആംബുലൻസുകളിലും ആവശ്യമായ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങൾ തകരുമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പറഞ്ഞു. മരുന്നുകൾ, ഇന്ധനം, ജീവനക്കാർ എന്നിവയുടെ അഭാവം മൂലം ഗസ്സയിലെ 36 ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മൂന്നിലൊന്നുമാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
അതിനിടെ. ഗസ്സയിലേക്ക് ഭക്ഷ്യസഹായവുമായി എത്തിയ ട്രക്കുകൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ തർകുമിയ ക്രോസിങ്ങിൽ ജൂതകുടിയേറ്റക്കാർ ആക്രമിച്ചു. നയൻത് ഓർഡർ പ്രവർത്തകരാണ് ട്രക്ക് തടഞ്ഞ് ഭക്ഷ്യ വസ്തുക്കൾ പുറത്തേക്കെറിഞ്ഞ് നശിപ്പിച്ചത്.
അതേസമയം, ലബനാനിലെ ഹിസ്ബുല്ല പോരാളികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഇസ്രായേലിന്റെ മർക്കാവ ടാങ്കിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ട് മിസൈലുകൾ യിഫ്ത പ്രദേശത്ത് പതിച്ചതായും നാല് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. 78,827 പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ഗസ്സ: റഫ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ സൈനികരുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവിയെയും അഭിസംബോധന ചെയ്യുന്ന കത്തിൽ ഗസ്സയിൽ വിന്യസിച്ച 900 ഓളം സൈനികരുടെ മാതാപിതാക്കളാണ് ഒപ്പിട്ടിരിക്കുന്നത്.
മാസങ്ങൾ നീണ്ട മുന്നറിയിപ്പുകൾക്കുശേഷം റഫയെ ആക്രമിക്കുമ്പോൾ മറുവശത്ത് പ്രതിരോധിക്കുവാൻ സർവസജ്ജരായ സംഘമുണ്ടാകുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്.
ആക്രമണം ഞങ്ങളുടെ കുട്ടികൾക്ക് മരണക്കെണിയായിരിക്കും. മക്കൾ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.