'കരുതൽ' ഭീകരതയിൽ വീണ്ടും ഉയിരറ്റ് ഗസ്സ

ഗസ്സ: തുടർച്ചയായി 56 മണിക്കൂർ ഇസ്രായേലി ബോംബറുകൾ ഗസ്സയിലെ 23 ലക്ഷം ഫലസ്തീനികൾക്കുമേൽ വർഷിച്ചത് സമാനതകളില്ലാത്ത ദുരിതം. 44 പേർ കൊല്ലപ്പെട്ടതിൽ മൂന്നിലൊന്നും കുരുന്നുകളായിരുന്നു, നാലു സ്ത്രീകളും. ഏറ്റവുമൊടുവിൽ റഫയിലെ അഭയാർഥിക്യാമ്പിൽ ഇസ്‍ലാമിക് ജിഹാദ് സംഘടനയുടെ മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെ ലക്ഷ്യമിട്ടെത്തിയ ബോംബർ കവർന്നെടുത്തത് ഏഴു ജീവൻ. ഇവരിൽ ഒരാളൊഴികെ ആരും വധിക്കേണ്ടവരുടെ ഇസ്രായേൽ പട്ടികയിൽപോലും പെടാത്തവർ. മൂന്നു നില കെട്ടിടത്തിൽ ആറു മിസൈലുകൾ പതിച്ചപ്പോൾ എട്ടു വീടുകളാണ് നിലംപരിശായത്. 35 പേർക്ക് പരിക്കേറ്റതിൽ 18 ഉം കുട്ടികൾ. കൊല്ലപ്പെട്ടവരിലുമുണ്ട് ഒരു 13കാരൻ.

ഗസ്സയുടെ വടക്കൻ മേഖലയിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ കുരുതിക്കിരയായതിലേറെയും കുഞ്ഞുങ്ങൾ. ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ കുട്ടികൾ നാല്. 40 പേർക്ക് പരിക്കേറ്റപ്പോൾ 26ഉം കുരുന്നുകൾ.

ഗസ്സയിലെ ഒരു സൂപ്പർമാർക്കറ്റിനു മുന്നിൽ വീണ മറ്റൊരു ബോംബ് അഞ്ചുപേരുടെ ജീവനാണ് എടുത്തത്. എല്ലാവരും സാധാരണക്കാർ. അതിൽ കുട്ടികളുമുണ്ട്. മുൻകരുതൽ ആക്രമണമെന്നപേരിൽ ഇസ്രായേൽ ഇത്തവണ നടത്തിയ ബോംബുവർഷത്തിൽ ഏറെയും ആക്രമിക്കപ്പെട്ടത് സാധാരണക്കാരാണെന്ന സവിശേഷതയുണ്ട്. 20 ഇസ്‍ലാമിക് ജിഹാദ് പോരാളികളെ കൊന്നതായാണ് ഇസ്രായേൽ കണക്ക്. അതുപോലുമില്ലെന്ന് സംഘടന പറയുന്നു.

അതിർത്തിയടച്ച് ബോംബിങ്ങിന് രംഗം പാകപ്പെടുത്തിയപ്പോൾ ഗസ്സയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാതെ അടച്ചിടേണ്ടിവന്നു. ഗസ്സയിലെ ശിഫ ആശുപത്രിയാകട്ടെ, പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞു. ശസ്ത്രക്രിയ കാത്ത് നിരവധി പേർ. അതിഗുരുതരാവസ്ഥയിലുള്ളവർ വേറെ. കുട്ടികളും സ്ത്രീകളുമുൾപ്പെടെ അടിയന്തര പരിചരണം വേണ്ടവർ മറ്റൊരു വശത്ത്. 15 വർഷമായി തുടരുന്ന കടുത്ത ഉപരോധത്തെ തുടർന്ന് മരുന്നില്ലാതെ കഷ്ടപ്പെടുന്നതിനിടെയായിരുന്നു പുതിയ ആക്രമണം. തങ്ങളെയൊക്കെ ഇസ്രായേൽ എന്തിന് ലക്ഷ്യമിട്ടുവെന്നതാണ് പരിക്കേറ്റുകിടക്കുന്ന 300ലേറെ പേരുടെ ചോദ്യം. ഇസ്‍ലാമിക് ജിഹാദിനെതിരെ കരുതൽ നടപടിയെന്നോണമാണ് വെള്ളിയാഴ്ച ബോംബിങ് തുടങ്ങിയതെന്ന് ഇസ്രായേൽ പറയുന്നുവെങ്കിലും നവംബറിലെ തെരഞ്ഞെടുപ്പ് കണ്ടുള്ള ആക്രമണമാണെന്ന് ഫലസ്തീനികൾ വിശ്വസിക്കുന്നു. മുമ്പും ഇത് പതിവുള്ളതായും അവർ ഉദ്ധരിക്കുന്നു. ഇത്തവണ എല്ലാ രാജ്യാന്തര ചട്ടങ്ങളും കാറ്റിൽ പറത്തി സിവിലിയന്മാരെ കൂടി ആക്രമണ പരിധിയിൽ പെടുത്തിയതായും ആക്ഷേപമുണ്ട്. ആറു ദിവസമാണ് തുടർച്ചയായി ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എല്ലാ വാണിജ്യ വഴികളും അടച്ചിട്ടത്. ഇതുമൂലം ഗസ്സക്കു ജീവിതം തന്നെ ദുരിതമയമായി.

അതേ സമയം, ഞായറാഴ്ച രാത്രി പ്രാബല്യത്തിലായ കരാർ പ്രകാരം ഇസ്രായേൽ കസ്റ്റഡിയിലെടുത്ത സംഘടന നേതാക്കളായ ബസ്സാം അൽസഅദി, ഖലീൽ ഔദ എന്നിവരെ വിട്ടയക്കണം. എന്നാൽ, മോചനത്തിൽ ഉറപ്പുനൽകിയിട്ടില്ലെന്നാണ് ഇസ്രായേൽ പ്രതികരണം.

Tags:    
News Summary - Israel’s assault on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.