വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ തുർമുസ് അയ്യ ഗ്രാമത്തിൽ ഒലീവ് ശേഖരിക്കാനെത്തിയ വയോധികക്ക് നേരെ ജൂത കുടിയേറ്റക്കാരുടെ ക്രൂര ആക്രമണം. 55കാരിയായ അബൂ അലിയയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ച ഇസ്രായേലി കുടിയേറ്റക്കാരൻ തന്റെ കൈയിലുള്ള വടി കൊണ്ട് സ്ത്രീയുടെ തലയിൽ അടിക്കുന്ന വീഡിയോ അമേരിക്കൻ മാധ്യമപ്രവർത്തകൻ ജാസ്പർ നദാനിയേലാണ് പകർത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അബു അലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒലീവ് കായകളുടെ വിളവെടുപ്പ് തുടങ്ങിയതോടെ, തുടർച്ചയായി ഫലസ്തീൻ കർഷകർക്ക് നേരെ ഇസ്രയേൽ കുടിയേറ്റക്കാർ ആക്രമണം തുടരുകയാണ്. തോട്ടത്തിലെ ഒലീവ് ശേഖരിക്കാൻ വന്ന ആലിയയെ പിന്തുടർന്ന അക്രമി മരത്തടി ഉപയോഗിച്ച് രണ്ടിലധികം തവണ ഇവരെ അടിക്കുന്നുണ്ട്. ആദ്യ അടിയിൽ തന്നെ ആലിയ ബോധരഹിതയായി നിലത്തു വീണെങ്കിലും, അവരുടെ ശരീരത്തിൽ കയറിനിന്ന് വീണ്ടും അടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
എന്നാൽ, സ്ത്രീക്ക് നേരെ നടന്ന ആക്രമണത്തിൽ ഇടപെട്ടിരുന്നു എന്ന ഇസ്രായേൽ സൈന്യത്തിന്റെ വാദം മാധ്യമപ്രവർത്തകൻ നിഷേധിച്ചു. ആക്രമണത്തിന് മുമ്പ് സംഭവസ്ഥത്ത് ഉണ്ടായിരുന്ന സൈനികർ അക്രമിയെ തടയുന്നതിന് പകരം രക്ഷപ്പെടാൻ ഇടമൊരുക്കുകയാണ് ചെയ്തതെന്ന് നദാനിയേൽ ആരോപിച്ചു. ആലിയക്ക് നേരെ നടന്ന ആക്രമണം താൻ കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായതാണെന്നും അദ്ദേഹം പറഞ്ഞു. അടി കൊണ്ട് നിലത്തു വീണ ആലിയയെ വീണ്ടും അടിക്കുകയും മാധ്യമപ്രവർത്തകരടക്കമുള്ള സംഘത്തെ കുടിയേറ്റക്കാർ ആട്ടിയോടിക്കുകയും ചെയ്തു.
മുഖം മൂടി ധരിച്ച 15 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് സംഭവം നടന്നത്. ഇവർ നദാനിയേലും കർഷകർ ഉൾപ്പടെയുള്ളവരും സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിയുകയും ജനാലകൾ തകർക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ഒലീവ് വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഫലസ്തീനിലെ കർഷകർക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടക്കുമെന്ന് യു.എന്നും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകിയിരുന്നു. 2025 ൽ മാത്രം 757 കുടിയേറ്റ ആക്രമണങ്ങൾ നടന്നതായി ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർഷകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പുറമേ ഒലീവ് മരങ്ങൾ പിഴുതെടുത്ത് നശിപ്പിക്കുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.