ജറൂസലം: ഗസ്സ നഗരത്തിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ, രണ്ടുവർഷമായി ഗസ്സയിൽ നടക്കുന്ന യുദ്ധം കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് ലോകം.
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും 22 മാസമായി ഹമാസ് തടവിലാക്കിയ 50ലധികം ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിലുടനീളം പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഗസ്സ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിവാദപരമായ തീരുമാനം. ഗസ്സ മുനമ്പിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, വടക്കൻ മേഖലയിലുള്ള പ്രധാന നഗരമായ ഗസ്സ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ഭാവിയിൽ ഗസ്സ മുനമ്പ് മുഴുവൻ കീഴടക്കാനുള്ള നീക്കത്തിന്റെ ആദ്യ ഘട്ടമാണ് ഇതെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഹമാസിന്റെ നിരായുധീകരണം, എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുക, ഗസ്സയിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസോ ഫലസ്തീൻ അതോറിറ്റിയോ അല്ലാത്ത സിവിൽ ഭരണകൂടം സ്ഥാപിക്കൽ എന്നിവയാണ് സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങൾ. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തയാറെടുപ്പ് നടത്തുമെന്നും അതോടൊപ്പം യുദ്ധ മേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം വിതരണം ചെയ്യുമെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഗസ്സ സൈനികമായി കീഴടക്കുന്നത് ഒരു കെണിയായി മാറുമെന്നും അവശേഷിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്നും ഇസ്രായേൽ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ എയാൽ സമീർ നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയത്.
അതേസമയം, നിരവധി ലോക നേതാക്കൾ ഇസ്രായേൽ നീക്കത്തിനെതിരെ രംഗത്തെത്തി. ഇസ്രായേലിന്റേത് തെറ്റായ നടപടിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. ഗസ്സയിൽ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ ഇസ്രായേലിലേക്കുള്ള സൈനികോപകരണ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ജർമനി അറിയിച്ചു. അപ്രവചനീയമായ മാനുഷിക ദുരന്തത്തിന് ഇസ്രായേൽ നടപടി കാരണമാകുമെന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. വൻ ദുരന്തത്തിലേക്കാണ് സർക്കാർ തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഹമാസ് തടവിലുള്ള ബന്ദികളുടെ കുടുംബങ്ങളും പ്രതികരിച്ചു.
ഭക്ഷ്യ ക്ഷാമവും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ ദിവസം രണ്ടു കുട്ടികളടക്കം നാലുപേര്‍ കൂടി ഗസ്സയിൽ മരിച്ചു. ഇതോടെ പട്ടിണിമൂലമുള്ള ഗസ്സയിലെ മരണം 200 ആയി. ഇതിൽ 96ഉം കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.