ജറുസലേം: ബന്ദിയാക്കിയ ഷിരി ബിബാസിന്റെ മൃതദേഹം വിട്ടുനൽകുന്നതിൽ പരാജയപ്പെട്ടതിന് ഹമാസിനോട് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നിലവിലുള്ള വെടിനിർത്തൽ വ്യവസ്ഥകളുടെ ലംഘനം എന്ന് വിശേഷിപ്പിച്ച്, സംഭവത്തിന്റെ മുഴുവൻ വിലയും ഹമാസ് നൽകേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു. ‘ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളുമൊത്ത് ഷിരിയെ വീട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കും. കരാറിന്റെ ഈ ക്രൂരവും ദുഷ്ടവുമായ ലംഘനത്തിന് ഹമാസ് മുഴുവൻ വിലയും നൽകുമെന്ന് ഉറപ്പാക്കും’ -നെതന്യാഹു ഒരു വിഡിയോ പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ കരാറിനെ തുടർന്ന്, ഗസ്സയിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രായേലികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഹമാസ് വിട്ടുകൊടുത്തിരുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസിന്റെ നടപടിയിൽ കിബ്ബൂട്ട്‌സ് നിർ ഓസിൽ നിന്നുള്ള ബന്ദികളിൽപ്പെട്ട ഷിരി ബിബാസും അവളുടെ രണ്ട് മക്കളായ ഏരിയലും കഫീറും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്‌ഷിറ്റ്‌സും ആണ് ഇവരെന്നും ഹമാസ് പറഞ്ഞിരുന്നു. നാലു പേരും ഇസ്രായലിന്റെ ഗസ്സ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഹമാസ് പുറത്തുവിട്ടു.
എന്നാൽ, ഹമാസ് കൈമാറിയ നാലു മൃതദേഹങ്ങളിൽ ഒന്ന് അജ്ഞാത സ്ത്രീയാണെന്നും ബന്ദിയാക്കിയ ഷിരി ബിബാസ് അല്ലെന്നും അവരുടെ രണ്ട് മക്കളായ കഫീറിനെയും ഏരിയലിനെയും തിരിച്ചറിഞ്ഞെന്നും ഇസ്രായേൽ വിദഗ്ധർ പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ തന്റെ രണ്ട് ആൺമക്കൾക്കും ഭർത്താവ് യാർഡനുമൊപ്പം തട്ടിക്കൊണ്ടുപോയ ഷിരി ബിബാസിന് പകരം ഗസ്സ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിൽ വെച്ചുകൊണ്ട് ഹമാസ് ‘പറയാനാവാത്തവിധം അപകീർത്തികരമായ രീതിയിൽ’ പ്രവർത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
യു.എസ് പിന്തുണയോടെയും ഖത്തർ-ഈജിപ്ത് മധ്യസ്ഥരുടെയും സഹായത്തോടെ കഴിഞ്ഞ മാസം ഉണ്ടാക്കിയ ദുർബലമായ വെടിനിർത്തൽ കരാർ അട്ടിമറിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇസ്രായേലിന്റെ ആരോപണത്തെക്കുറിച്ച് ഹമാസ് ഇതുവരെ പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.
പുതിയ സംഭവ വികാസങ്ങൾ ശനിയാഴ്ച ആറ് ജീവനുള്ള ബന്ദികളെ ഹമാസ് കൈമാറുന്നത് വൈകിപ്പിക്കുമെന്നോ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നത് തടസ്സപ്പെടുത്തുമോ എന്നും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.