കൊളോണിയൽ നിയന്ത്രണം കർശനമാക്കി അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട്

ജറൂസലേം: അധിനിവിഷ്ട ഫലസ്തീനിൽ ഇസ്രായേൽ സൈന്യം റെയ്ഡുകളും ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുന്നതായും മേഖലയിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും റിപ്പോർട്ട്. റാമല്ലയുടെ വടക്കു ഭാഗത്ത് ഒരു ഫലസ്തീനിയെ വെടിവച്ചു കൊന്നുവെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

അധിനിവേശ കിഴക്കൻ ജറുസലേമിന് വടക്കുള്ള ഖലാൻദിയ അഭയാർഥി ക്യാമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ഐ.ഡി.എഫ് സൈനിക നീക്കങ്ങൾ നടത്തി. പ്രധാന റോഡുകൾ അടച്ചുപൂട്ടിയത് പുതിയ സംഘർഷം സൃഷ്ടിച്ചതായി ജറുസലേം ഗവർണറേറ്റ് റിപ്പോർട്ട് ചെയ്തു.

സമീപ ദിവസങ്ങളിൽ സൈനിക സാന്നിധ്യവും റോഡ് അടച്ചിടലും വർധിച്ചിരിക്കുകയാണ്. റോഡ് തടസ്സങ്ങളും സാധാരണക്കാരുടെയും വാഹനങ്ങളുടെയും ഗതാഗതത്തിന് ഗുരുതരമായ തടസ്സവും കാരണം പ്രാദേശിക അധികൃതർ സ്കൂളുകൾ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.

കനത്ത സൈനിക വാഹനങ്ങൾ പ്രദേശത്തുകൂടി നീങ്ങുന്നത് പതിവു കാഴ്ചയാണ്. പഴയ ജറുസലേമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഡസൻ കണക്കിന് സൈനിക വാഹനങ്ങൾക്ക് കടന്നുകയറുന്നതിനായി എയർപോർട്ട് റോഡിന്റെ അറ്റത്തുള്ള തടസ്സങ്ങൾ നീക്കം ചെയ്തു. വിമാനത്താവള പ്രദേശത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഖലാൻദിയ ക്യാമ്പിന് ചുറ്റും രണ്ടാം ദിവസവും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. ഇവിടേക്കുള്ള റോഡുകൾ അടച്ചു. കെട്ടിടങ്ങൾ ആക്രമിക്കുകയും സ്കൂളുകൾ തടസ്സപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങുന്ന ബസുകളെ പിന്തുടർന്ന് ഭയപ്പെടുത്തലും പതിവാണ്. ബസിനകത്തു പേടിച്ച് നിലവിളിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അധിനിവേശ സേന കണ്ണീർവാതകം, സൗണ്ട് ബോംബുകൾ, റബ്ബർ വെടിയുണ്ടകൾ എന്നിവ പ്രയോഗിച്ചതായും ഗതാഗത നിയമലംഘനങ്ങൾ നടത്തുകയും സിവിലിയൻ വാഹനങ്ങൾക്ക് മനഃപൂർവ്വം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ആക്രമിക്കുകയും താമസക്കാരെ ബലമായി ഒഴിപ്പിക്കുകയും ബഹുനില കെട്ടിടങ്ങളുടെ ബാൽക്കണികളിലും മേൽക്കൂരകളിലും സൈനികരെയും സ്നൈപ്പർമാരെയും വിന്യസിക്കുകയും ചെയ്തു.

വിഭജന മതിലിലെ വിടവുകൾ തീവ്രമായ സൈനിക പ്രവർത്തനങ്ങൾക്ക് കാരണമാക്കുന്നുവെന്ന് ഔദ്യോഗിക ‘ഇസ്രായേൽ’ റിപ്പോർട്ടുകൾ ഉദ്ധരിച്ചുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ജറുസലേമിന്റെ ചുറ്റുപാടുകളിൽ കൊളോണിയൽ നിയന്ത്രണം കർശനമാക്കുന്നതിനുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമായാണ് ഗവർണറേറ്റ് റെയ്ഡുകളെ വിശേഷിപ്പിച്ചത്. 

Tags:    
News Summary - Israeli military crackdown in occupied Palestine tightens colonial control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.