ശൈഖുജർറാഹിൽ ഫലസ്തീൻ കുടുംബങ്ങളുടെ വീട് തകർത്ത് ഇസ്രായേൽ

ജറൂസലം: കിഴക്കൻ ജറൂസലമി​നു സമീപപ്രദേശമായ ശൈഖുജർറാഹിൽ 18 കുടുംബങ്ങൾ താമസിച്ച വീട് ഇടിച്ചുനിരത്തി ഇസ്രായേൽ സൈന്യം. ബുധനാഴ്ച പുലർച്ച മൂന്നിനാണ് പൊലീസുകാരുടെയും പ്രത്യേകസേനയുടെയും നീണ്ടനിരയെത്തി വീട് തകർത്ത് കുടുംബാംഗങ്ങളെ പെരുവഴിയിലാക്കിയത്. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുകയായിരുന്നു അപ്പോൾ.

ചെറുത്തുനിന്ന ആറു​പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുടുംബത്തിന് ഐക്യദാർഢ്യവുമായെത്തിയ 18 ഫലസ്തീനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽപ്രദേശത്ത് താമസിക്കുന്നവർക്കായി സ്കൂളുകൾ പണിയാനാണ് കെട്ടിടം ഇടിച്ചുനിരപ്പാക്കിയതെന്നാണ് ഇസ്രായേലി​ന്‍റെ വാദം. സംഭവസ്ഥലത്തെത്തിയ ആക്ടിവിസ്റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും നേരെ ഇസ്രായേൽ സേന റബർബുള്ളറ്റുകൾ പ്രയോഗിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.

തിങ്കളാഴ്ചയാണ് ആദ്യം വീട് പൊളിക്കാൻ ഇസ്രായേൽ സൈന്യം എത്തിയത്. എന്നാൽ, കുടുംബാംഗങ്ങൾ വീടിനു തീയിടുമെന്ന് ഭീഷണിമുഴക്കിയതോടെ പിന്തിരിഞ്ഞു. മസ്ജിദുൽ അഖ്സയുടെ ഒരു കിലോമീറ്റർ പരിധിയിലാണ് ശൈഖുജർറാഹ്. അധിനിവേശ ഭൂമികളിൽനിന്ന് കുടുംബാംഗങ്ങളെ കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമലംഘനവും യുദ്ധക്കുറ്റവുമാണ്. ശൈഖുജർറാഹിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന കേസിൽ ഈ മാസം 23ന് ഇസ്രായേൽ കോടതി വാദം കേൾക്കാനിരിക്കയാണ്.

1948ൽ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ലക്ഷങ്ങൾ പലായനം ചെയ്തപ്പോൾ നിരവധി കുടുംബങ്ങൾ ശൈഖുജർറാഹിൽ താമസമാക്കിയിരുന്നു. ഇവരുടെ പിൻമുറക്കാർ ഉൾപ്പെടെ 38 കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. ഇതിനോട് ചേർന്ന് ജൂതകുടിയേറ്റങ്ങളുമുണ്ട്. കുടിയേറ്റം വിപുലമാക്കാൻ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞവർഷം ഇസ്രായേലും ഫലസ്തീനീകളും തമ്മിൽ 11 ദിവസം നീണ്ടുനിന്ന യുദ്ധത്തിലേക്ക് നയിച്ചത്.

Tags:    
News Summary - Israeli forces destroy Palestinian home in Sheikh Jarrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.