ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം

ഗസ്സ: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ വയോധികയടക്കം ഒമ്പതുപേരെ കൊലപ്പെടുത്തിയതിന്റെ പിറ്റേന്ന് ഇസ്രായേൽ സൈന്യം ഗസ്സയിൽ വ്യോമാക്രമണങ്ങൾ നടത്തി. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഒമ്പത് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

അൽ മഗാസി അഭയാർഥി ക്യാമ്പ്, ദക്ഷിണ ഗസ്സയിലെ സൈത്തൂൻ, വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രായേലിന് നേരെ രണ്ട് റോക്കറ്റുകൾ വന്നതിനെ തുടർന്നാണ് ഗസ്സയിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.

വ്യാഴാഴ്ചയാണ് ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊലക്കു ശേഷം ജെനിനിൽനിന്ന് പിൻവാങ്ങിയ ഇസ്രായേൽ സൈന്യം, സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചുവരുകയാണെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പ്രവർത്തകൻ ഇസ്സുദ്ദീൻ സലാഹത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീനിയൻ രാഷ്ട്രീയ പാർട്ടിയായ ഫതഹിന്റെ സായുധസേനയായ അൽ-അഖ്സ ബ്രിഗേഡ് പറഞ്ഞു.

വെടിയേറ്റവരെ കൊണ്ടു പോയ ആംബുലൻസ് യുദ്ധടാങ്ക് ഉപയോഗിച്ച് തടഞ്ഞതായി ഫലസ്തീൻ അധികൃതർ ആരോപിച്ചു. ജെനിനിൽ വെടിയേറ്റുവീണ വ്യക്തിയെ രക്ഷിക്കാൻ ആംബുലൻസുമായി പോകവെ ഇസ്രായേൽ സൈന്യം ആംബുലൻസിന് നേരെ വെടിയുതിർത്തതായി ജെനിൻ പബ്ലിക് ഹോസ്പിറ്റൽ മേധാവി വിസാം ബേക്കർ അൽജസീറയോട് പറഞ്ഞു.

ഇസ്രായേൽ സൈന്യം കുട്ടികളുടെ ആശുപത്രിക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചതായും നിരവധി കുട്ടികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസംമുട്ടലുണ്ടായതായും ബേക്കർ പറഞ്ഞു. എന്നാൽ, ആശുപത്രിക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചത് ബോധപൂർവമല്ലെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു.

ഫലസ്തീനിൽ 2006നു ശേഷം രക്തരൂഷിതമായ വർഷമായിരുന്നു 2022. വെസ്റ്റ് ബാങ്കിൽ തുടർച്ചയായി ഇസ്രായേൽ സൈന്യം നടത്തുന്ന റെയ്ഡും ഫലസ്തീനികളുടെ ചെറുത്തുനിൽപുമാണ് സംഘർഷത്തിനിടയാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം അമ്പതിലേറെ കുട്ടികളെയും 17 സ്ത്രീകളെയുമടക്കം 250ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിന്തുണയോടെ ബിന്യമിൻ നെതന്യാഹു ഇസ്രായേലിൽ വീണ്ടും അധികാരത്തിലെത്തിയത് മേഖലയിൽ സംഘർഷം വർധിക്കാൻ വഴിയൊരുക്കുമെന്ന് വിലയിരുത്തലുണ്ട്.

News Summary - Israeli airstrikes in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.