ഇറ്റാമർ ബെൻ ഗ്വിർ

'ഇസ്രായേൽ പൊലീസിനെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നു': ബെൻ ഗ്വിറിനെതിരെ അറ്റോർണി ജനറൽ

തെൽ അവീവ്: ഇസ്രായേൽ പൊലീസിന്റെ ഭരണഘടനാപരമായ സ്വയംഭരണാവകാശവും തകർക്കാനുള്ള ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ലെന്ന് അറ്റോർണി ജനറൽ ഗാലി ബഹരാവ്-മിയാര. ഇസ്രായേൽ സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് അറ്റോർണി ജനറൽ അതീവ ഗുരുതരമായ സാഹചര്യം വ്യക്തമാക്കിയത്. കോടതിയുടെ കർശന വിലക്കുകൾ നിലനിൽക്കെത്തന്നെ ഉദ്യോഗസ്ഥ നിയമനങ്ങളിലും ആഭ്യന്തര അന്വേഷണങ്ങളിലും മന്ത്രി നിരന്തരം ഇടപെടുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പൊലീസിന്റെ സ്വതന്ത്ര സ്വഭാവം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി ചില കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ തീവ്ര ദേശീയവാദിയായ ബെൻ ഗ്വിർ ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. പൊലീസിനെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കാനും, ജനകീയ പ്രതിഷേധങ്ങൾക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്താൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കാനുമാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അറ്റോർണി ജനറൽ ആരോപിക്കുന്നു.

കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മന്ത്രി ഇപ്പോഴും ഇടപെടലുകൾ തുടരുകയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിലെ അഴിമതിക്കേസിൽ പ്രതിയായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അവിഷായ് മൗല്ലെമിനെതിരെയുള്ള ആഭ്യന്തര അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പരസ്യമായി പ്രസ്താവിച്ചിരുന്നു. മൗല്ലെം രാജ്യത്തിന്റെ ഹീറോ ആണെന്നും, താൻ പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശിച്ച ഉദ്യോഗസ്ഥനെ ഭരണകൂടത്തിനുള്ളിലെ ചില ശക്തികൾ വേട്ടയാടുകയാണെന്നുമായിരുന്നു മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. തന്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരെ മാത്രമേ ഇനി പൊലീസിന്റെ തലപ്പത്ത് നിയമിക്കൂ എന്നും അറ്റോർണി ജനറൽ ഇതിൽ ഇടപെട്ടാൽ ചർച്ചകൾ അവസാനിപ്പിക്കുമെന്നും മന്ത്രി പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇത്തരം നിലപാടുകൾ നിയമവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് കോടതിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെ മന്ത്രിയുടെ നിലപാടുകൾ ദോഷകരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ 'സുലാത് ഇൻസ്റ്റിറ്റ്യൂട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മന്ത്രി പൊലീസിനെ ആയുധമാക്കുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ.

അതേസമയം, അറ്റോർണി ജനറലിന്റെ കണ്ടെത്തലുകളെ ബെൻ ഗ്വിർ പൂർണ്ണമായും തള്ളിപ്പറഞ്ഞു. നിലവിലുള്ള വലതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനാണ് അറ്റോർണി ജനറൽ ശ്രമിക്കുന്നതെന്നും തങ്ങൾ നയങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാമർ ബെൻ ഗ്വീറിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിലാണ് ഇപ്പോൾ കോടതിയിൽ അന്തിമ വാദം നടക്കുന്നത്.

Tags:    
News Summary - 'Israel uses police for its own political agendas': Attorney General takes a tough stance against Ben Gvir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.