തെഹ്റാൻ: ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രം ഇസ്രായേൽ ആക്രമിച്ചു. ആക്രമണത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായിട്ടില്ലെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു. ഇസ്ഫഹാൻ ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ മിസൈലുകൾ ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിൽ പതിച്ചത്. ആർക്കും ജീവാപായമുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇസ്ഫഹാനിൽ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ പുനഃക്രമീകരണം നടക്കുന്ന സ്ഥലമുണ്ടെന്നും ആണവായുധം വികസിപ്പിക്കുന്ന പ്രക്രിയയിലെ ഘട്ടമാണിതെന്നും ഇസ്രായേൽ ആരോപിച്ചു. ഒറ്റരാത്രികൊണ്ട് ഇസ്ഫഹാനിലെയും പടിഞ്ഞാറൻ ഇറാനിലെയും ആണവ കേന്ദ്രത്തിൽ ആക്രമണം നടത്തി -ദൃശ്യങ്ങൾ പങ്കുവെച്ച് ഇസ്രായേൽ സൈന്യം പറഞ്ഞു.
ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അനന്തരഫലങ്ങളുണ്ടാവുകയാണെങ്കിൽ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തുകയാണെന്ന് ഇറാന്‍റെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലി ജഫാറിയാൻ പറഞ്ഞു. ആണവ റിയാക്ടറുകൾ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ എവിടെയെങ്കിലും ആണവ ചോർച്ചയുണ്ടായാൽ നേരിടാൻ ഞങ്ങൾ തയാറാണ്. കാര്യങ്ങൾ ആ ഘട്ടത്തിലെത്തില്ലെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഇസ്ഫഹാനിൽ സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ റഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ജൂൺ 13ന് ആക്രമണം തുടങ്ങിയ ശേഷം ഇസ്രായേൽ ലക്ഷ്യമിടുന്ന ഇറാനിലെ മൂന്നാമത് ആണവകേന്ദ്രമാണിത്. ഐ.എ.ഇ.എക്ക് നന്നായി അറിയാവുന്ന കേന്ദ്രമാണ് ഇസ്ഫഹാനിലേതെന്നും ഇവിടെ ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വികിരണ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങൾക്ക് ഇല്ലെന്ന് വെള്ളിയാഴ്ച ഗ്രോസി പറഞ്ഞിരുന്നു. ഇറാൻ അണുബോംബ് നിർമാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ ജൂൺ 13ന് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ തന്നെ വിലയിരുത്തലിന് പിന്നാലെയായിരുന്നു ഇത്.
കഴിഞ്ഞ ദിവസം ഇറാനിലെ അരാക്കിലെ ഖൂൻദാബ് ഹെവി വാട്ടർ റിസർച് റിയാക്ടറിന് ഇസ്രായേലിന്‍റെ ആക്രമണത്തിൽ തകരാർ സംഭവിച്ചിരുന്നു. നിലയം പ്രവൃത്തിക്കാത്തതിനാലും നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലായതിനാലും ആണവ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അതിനാൽ വികിരണ ഭീഷണിയില്ലെന്നുമാണ് ഐ.എ.ഇ.എ വ്യക്തമാക്കിയത്. എന്നാൽ, റിയാക്ടറിൽ പ്ലൂട്ടോണിയം ഉൽപ്പാദനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇസ്രായേൽ ആക്രമണം.
ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇസ്രായേലിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇറാന്‍ ആണവായുധം നിർമിക്കുന്നില്ലെന്ന് ഐ.എ.ഇ.എക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ ദുരന്തമുണ്ടായേക്കുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യു.എന്‍ രക്ഷാസമിതിയില്‍ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.